കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീം കേരളത്തിലേക്ക്, വലിയൊരു സ്വപ്‌നം യാഥാർത്ഥ്യമാകുന്നു | Argentina

കേരളത്തിലെയും ഇന്ത്യയിലെയും അർജന്റീന ആരാധകർക്കും ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം കേരളത്തിലേക്ക് കളിക്കാൻ വരാമെന്ന് സമ്മതിച്ചുവെന്ന് സംസ്ഥാനത്തിന്റെ കായികമന്ത്രിയായ വി.അബ്‌ദുറഹ്‌മാൻ കുറച്ചു മുൻപ് കൈരളി ടിവിയോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തുകയുണ്ടായി.

നേരത്തെ തന്നെ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ ശ്രമം നടത്തുമെന്ന് വി.അബ്‌ദുറഹ്‌മാൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ കളിക്കാൻ വരാൻ അർജന്റീന ടീം സമ്മതം അറിയിച്ചെങ്കിലും അതിനു വലിയ പണച്ചിലവ് വരുമെന്ന് പറഞ്ഞ് എഐഎഫ്എഫ് ഇക്കാര്യം നിഷേധിച്ചപ്പോഴാണ് കേരളത്തിലേക്ക് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

എന്തായാലും അർജന്റീനയുടെ ഭാഗത്തു നിന്നും കേരളത്തിൽ കളിക്കാൻ വരാൻ സമ്മതമാണെന്ന് അറിയിച്ചു കൊണ്ടുള്ള മെയിൽ ലഭിച്ചുവെന്നാണ് കായികമന്ത്രി പറയുന്നത്. അടുത്ത ജൂലൈ മാസത്തിലാണ് അർജന്റീന ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വരാമെന്ന താൽപര്യമാകും അർജന്റീന ടീം പ്രകടിപ്പിട്ടുണ്ടാവുക.

ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണങ്ങൾ ഇനിയും വരാനുണ്ട്. ജൂലൈ മാസത്തിൽ കേരളത്തിൽ കളിക്കാൻ വരാൻ അർജന്റീന ടീം സമ്മതിച്ചാൽ പോലും ഇവിടുത്ത കാലാവസ്ഥ വെല്ലുവിളിയാണ്. കനത്ത മഴയാണെങ്കിൽ മത്സരം സംഘടിപ്പിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. അർജന്റീന ഫുട്ബോൾ അധികൃതരുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അർജന്റീന കേരളത്തിലേക്ക് വരാൻ സമ്മതിച്ചുവെന്ന വാർത്ത തന്നെ വലിയൊരു സന്തോഷമാണ് ആരാധകർക്കു തരുന്നത്. അർജന്റീന കളിക്കാൻ വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയൊരു ഊർജ്ജം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം അർജന്റീന മാത്രമല്ല, വിദേശ രാജ്യങ്ങളുടെ ടീമുകളെ കേരളത്തിൽ കളിപ്പിക്കാൻ കേരളം പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Argentina Accept Invitation To Play In Kerala