ഇത് ബ്ലാസ്റ്റേഴ്‌സോ ഗ്വാർഡിയോളയുടെ ബാഴ്‌സലോണയോ, അവിശ്വസനീയം ഈ പാസിംഗ് ഗെയിം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ചെറിയൊരു ഇടവേളക്ക് പിരിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സാണ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്‌സ് തളരുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്ക് പോലും അത്ഭുതമായി മാറുകയാണ്.

മികച്ച പ്രകടനമാണ് ഈ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്‌ച വെച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബിനെതിരെ അവരുടെ മൈതാനത്ത് ചെറുതായി പതറിയെങ്കിലും മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ കരുത്തരായ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിക്കുകയുണ്ടായി. അതിൽ തന്നെ മോഹൻ ബഗാനെ അവരുടെ മൈതാനത്ത് അനങ്ങാൻ വിടാതെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഒരു മുന്നേറ്റത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറുന്നുണ്ട്. പിൻനിരയിൽ നിന്നും പാസിംഗ് ഗെയിം കളിച്ചു വന്ന് വളരെ പെട്ടന്ന് തന്നെ മോഹൻ ബഗാൻ പെനാൽറ്റി ബോക്‌സിലെത്തുന്ന നീക്കമാണ് ശ്രദ്ധേയമാകുന്നത്. ഇത് ബ്ലാസ്റ്റേഴ്‌സാണോ അതോ ടിക്കി-ടാക്ക ഫുട്ബോൾ കളിച്ചിരുന്ന ഗ്വാർഡിയോളയുടെ ബാഴ്‌സലോണയാണോ എന്നാണു ആരാധകർ ചോദിക്കുന്നത്.

കൃത്യമായ പൊസിഷനിംഗ് കാത്തു സൂക്ഷിച്ചു കൊണ്ടും സ്‌പേസുകൾ നന്നായി ഉപയോഗിച്ച് കൊണ്ടും ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കം ബാഴ്‌സലോണയെ ഓർമിപ്പിച്ചാൽ അതിൽ അതിശയോക്തിയില്ല. മികച്ച വൺ ടച്ച് പാസുകളും അതിൽ ഉണ്ടായിരുന്നു. ഒടുവിൽ അത് ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്‌സിന് അവസരം ഉണ്ടായിരുന്നെങ്കിലും രാഹുൽ കെപി അതിനു മുൻപ് വീണത് തിരിച്ചടിയായി.

അത് ഗോളായാലും ഇല്ലെങ്കിലും ടീമിന്റെ പ്രകടനം ആരാധകർക്ക് വലിയ സന്തോഷം നൽകുന്നതാണ്. കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിക്കുന്നതെങ്കിലും അതിൽ നിന്നും ലഭിക്കുന്ന സ്‌പേസുകൾ കൃത്യമായി ഉപയോഗിച്ച് എങ്ങിനെ അവസരങ്ങൾ തുറന്നെടുക്കാമെന്ന് ടീമിന് ധാരണയുണ്ട്. ആ മത്സരത്തിൽ ഒരുപാട് സുവര്ണാവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നു.

Kerala Blasters Passing Game Against Mohun Bagan