അടുത്ത വർഷവും ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തു വരും, ആത്മവിശ്വാസത്തോടെ റൊണാൾഡോയുടെ വാക്കുകൾ | Ronaldo

2023 വർഷം അവസാനിച്ചപ്പോൾ മുപ്പത്തിയെട്ടു വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ക്ലബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തു വന്നത്. അൽ നസ്രിനും പോർച്ചുഗൽ ദേശീയ ടീമിനുമായി അൻപത്തിനാല് ഗോളുകളാണ് ഈ സീസണിൽ റൊണാൾഡോ അടിച്ചു കൂട്ടിയത്. അവസാനം നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയാണ് റൊണാൾഡോ 2023 അവസാനിപ്പിച്ചത്.

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനും പോർച്ചുഗൽ ദേശീയ ടീമിനുമൊപ്പം മോശം പ്രകടനമാണ് റൊണാൾഡോ നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ക്ലബ് വിട്ട താരത്തിനു പോർചുഗലിനൊപ്പം ദേശീയ ടീമിലും ശോഭിക്കാൻ കഴിഞ്ഞില്ല. ദേശീയ ടീമിന്റെ നായകനായ റൊണാൾഡോ ലോകകപ്പിൽ ബെഞ്ചിലിരിക്കുന്നത് വരെ ആരാധകർക്ക് കാണേണ്ടി വന്നു.

ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറി ലോകത്തെ തന്നെ ഞെട്ടിച്ച റൊണാൾഡോ അതിനു ശേഷം തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ക്ലബിനൊപ്പമുള്ള ഫോം ദേശീയ ടീമിലും ആവർത്തിച്ചു. ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരം അടുത്ത വർഷവും അതു തന്നെയാണ് ലക്‌ഷ്യം വെക്കുന്നത്.

“ഞാൻ വളരെ സന്തോഷവാനാണ്. വ്യക്തിപരമായും അല്ലാതെയും ഈ വർഷം എനിക്ക് വളരെ മികച്ചതായിരുന്നു. ഞാൻ ഒരുപാട് ഗോളുകൾ നേടി, അൽ നസ്‌റിനെയും പോർച്ചുഗൽ ദേശീയ ടീമിനെയും സഹായിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ സന്തോഷവാനാണ്, അടുത്ത വർഷം ഇതുപോലെ തന്നെ തുടരാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” കഴിഞ്ഞ മത്സരത്തിന് ശേഷം താരം പറഞ്ഞു.

റൊണാൾഡോയെ സംബന്ധിച്ച് 2024 വളരെ പ്രധാനപ്പെട്ട ഒരു വർഷം കൂടിയാണ്. ഖത്തർ ലോകകപ്പിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തി പോർച്ചുഗൽ ദേശീയ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ താരത്തിന് അവസരമുണ്ട്. പുതിയ പരിശീലകന് കീഴിൽ ഗംഭീര ഫോമിലാണ് പോർച്ചുഗൽ കളിച്ചു കൊണ്ടിരിക്കുന്നതും.

Ronaldo Says He Wants To Be The Top Scorer Of 2024