അർജന്റീനയിൽ ജനിച്ച യുറുഗ്വായ് താരം, ലൂണയുടെ പകരക്കാരനായി വരുന്നത് ഇരുപത്തിരണ്ടുകാരനെന്നു സൂചനകൾ | Kerala Blasters

പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഒരു താരത്തെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാനും ടീമിന് നല്ല രീതിയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു താരത്തെയാണ് വേണ്ടതെന്ന് ഇവാൻ പറഞ്ഞിരുന്നെങ്കിലും അത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

എന്നാൽ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വെളിപ്പെടുത്തുന്നത് അഡ്രിയാൻ ലൂണയുടെ പകരക്കാരൻ യുറുഗ്വായിൽ നിന്നു തന്നെയാണ് വരാൻ സാധ്യതയെന്നാണ്. അതിനിടയിൽ ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത് അർജന്റീനയിൽ ജനിച്ച യുറുഗ്വായുടെ ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള തിയാഗോ പലാസിയോസിനെയാണ്.

അർജന്റീനയിലെ വമ്പൻ ക്ലബായ റിവർപ്ലേറ്റിന്റെ യൂത്ത് സിസ്റ്റത്തിൽ ഉണ്ടായിരുന്ന താരമാണ് പലാസിയോസ് എങ്കിലും അതിനു ശേഷം താരം അത്ലറ്റികോ പ്ലേറ്റൻസിലേക്ക് ചേക്കേറി. സീനിയർ തലത്തിൽ പ്ലേറ്റൻസിനും മോണ്ടെവിഡിയോ സിറ്റി ടോർക്യൂവിനും വേണ്ടി കളിച്ച താരം നിലവിൽ യുറുഗ്വായ് ക്ലബായ ടോർക്യൂവിന്റെ താരമാണ്. എന്നാൽ 2021 മുതൽ പ്ലേറ്റൻസിൽ ലോണിലാണ് താരം കളിക്കുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡറായി കളിക്കുന്ന താരം മികച്ച പ്രകടനമാണ് ഇതുവരെ കളിച്ച ക്ളബുകൾക്കായി നടത്തിയിട്ടുള്ളത്. അർജന്റീനയിലാണ് ജനിച്ചതെങ്കിലും യുറുഗ്വായ് പൗരത്വമുള്ള താരം അഡ്രിയാൻ ലൂണയുടെ പ്രൊഫൈലിനു പകരക്കാരനാവാൻ കഴിയുന്ന താരമാണ്. എന്നാൽ താരത്തെ ടീമിലെത്തിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഒരുപാട് കടമ്പകൾ മറികടക്കേണ്ടതുണ്ട്.

താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്നതാണ് പ്രധാന കാര്യം. എംഎൽഎസിൽ നിന്നും അതുപോലെ തന്നെ യൂറോപ്പിലെ നിരവധി ക്ലബുകളിൽ നിന്നും പലാസിയോസിനു ഓഫറുകളുണ്ട്. അതിനെ മറികടക്കാൻ കഴിയുന്ന ഒരു ഓഫർ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ചേ തീരൂ. എന്തായാലും ക്ലബിലെത്തിക്കാൻ കഴിഞ്ഞാൽ ടീമിന്റെ ഭാവിക്ക് ഇരുപത്തിരണ്ടുകാരൻ മുതൽക്കൂട്ടായിരിക്കും.

Kerala Blasters Interested In Tiago Palacios