അൽവാരോ ഇന്ത്യയിലേക്ക് വന്നാൽ പണി കിട്ടും, സ്‌പാനിഷ്‌ താരത്തിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനമായി | Alvaro Vazquez

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അൽവാരോ വാസ്‌ക്വസ് ഐഎസ്എല്ലിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ശക്തമായിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കാനിരിക്കെ താൻ കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ താരം അവസാനിപ്പിച്ചത് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമാവുകയും ചെയ്‌തു.

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി അൽവാരോ വാസ്‌ക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസ് അതിനു ശക്തി പകരുകയും ചെയ്‌തു. എന്നാൽ ആ റിപ്പോർട്ടുകൾ തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അതിനിടയിൽ മറ്റൊരു ഐഎസ്എൽ ക്ലബിൽ നിന്നും അൽവാരോക്ക് ഓഫർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ അൽവാരോയെയും ഇന്ത്യൻ ക്ളബുകളെയും ബന്ധപ്പെടുത്തിയിട്ടുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ് ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ. ജൂൺ വരെ ഒരു ഇന്ത്യൻ ക്ലബുമായും അൽവാരോ വാസ്‌ക്വസിനു കരാർ ഒപ്പിടാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച ക്ലബായ എഫ്‌സി ഗോവയുമായുള്ള കരാറാണ് അതിനു കാരണം.

എഫ്‌സി ഗോവയുമായുള്ള കരാർ റദ്ദാക്കിയാണ് അൽവാരോ വാസ്‌ക്വസ് സ്പൈനിലേക്ക് തിരിച്ചു പോകുന്നത്. കരാർ റദ്ദാക്കുമ്പോൾ തയ്യാറാക്കിയ ഉടമ്പടി പ്രകാരം ഒരു വർഷത്തിനുള്ളിൽ അൽവാരോ ഏതെങ്കിലും ഇന്ത്യൻ ക്ലബ്ബിലേക്ക് വരികയാണെങ്കിൽ ഗോവക്ക് നിശ്ചിത തുക നഷ്‌ടപരിഹാരം നൽകണം. ആ തുക നൽകി ഒരു ക്ലബും താരത്തെ സ്വന്തമാക്കാൻ സാധ്യതയില്ല.

അൽവാരോ വാസ്‌ക്വസിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് ആ ഉടമ്പടി നൽകിയത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ഇന്ത്യൻ ക്ലബുകൾ പുതിയ താരങ്ങളെ തേടുന്നുണ്ട്. ഇന്ത്യയിൽ കളിച്ച് പരിചയസമ്പത്തുള്ള താരത്തിന് വീണ്ടും ഇവിടേക്കെത്താനുള്ള അവസരമാണ് എഫ്‌സി ഗോവയുമായുള്ള കരാറിലൂടെ ഇല്ലാതായത്.

Alvaro Vazquez Cannot Sign For An Indian Club Until June