എത്ര കണ്ടാലും മതിവരാത്ത ഗോൾ, ഇറാഖിനെതിരെ അർജന്റീന നേടിയ ഗോൾ തരംഗമാകുന്നു

ഒളിമ്പിക്‌സ് ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. ഇറാഖുമായി നടന്ന ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന ടീം വിജയം നേടിയത്.

ലോകകപ്പ് ജേതാവായ തിയാഗോ അൽമാഡ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനക്കെതിരെ ആദ്യപകുതിയിൽ തന്നെ ഇറാഖ് ഒപ്പമെത്തിയിരുന്നു. എന്നാൽ പകരക്കാരെ ഇറക്കിയുള്ള മഷെറാനോയുടെ തന്ത്രങ്ങൾ ഫലം കണ്ടപ്പോൾ ഗോണ്ടൂവിലൂടെ അർജന്റീന മുന്നിലെത്തി. അതിനു ശേഷം എസ്‌ക്വിൽ ഫെർണാണ്ടസ് അർജന്റീനയുടെ മൂന്നാമത്തെ ഗോളും നേടി.

മത്സരത്തിൽ അർജന്റീന നേടിയ മൂന്നാമത്തെ ഗോളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ടീമിന്റെ ഒത്തിണക്കമുള്ള മുന്നേറ്റം, മികച്ച ലിങ്ക് പ്ലേ, ബാക്ക് ഹീൽ പാസ്, തകർപ്പൻ ഷോട്ട് എന്നിവയെല്ലാം അടങ്ങിയ ഗോളായിരുന്നു അർജന്റീനയുടെ വിജയം ഉറപ്പിച്ചത്. ബൊക്ക ജൂനിയേഴ്‌സ് താരമായ എസ്‌ക്വിൽ ഫെർണാണ്ടസാണ് ഗോൾ കുറിച്ചത്.

വലതു വിങ്ങിലൂടെ തുടങ്ങിയ ആക്രമണത്തിൽ മികച്ച പാസുകളുമായാണ് അർജന്റീന മുന്നേറിയത്. ബോക്‌സിൽ വെച്ച് ഇറാഖ് പ്രതിരോധനിരയെ മുഴുവൻ ആശയക്കുഴപ്പത്തിലാക്കി നൽകിയ ബാക്ക് ഹീൽ പാസ് മനോഹരമായിരുന്നു. അതിനു ശേഷം സെനോൺ ഒരുക്കി നൽകിയ പന്ത് ബോക്‌സിനു പുറത്തു നിന്നും ഫെർണാണ്ടസ് വലയിലെത്തിച്ചപ്പോൾ ഗോൾകീപ്പർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

പകരക്കാരനായി ഇറങ്ങിയ സെനോൺ രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകി മത്സരത്തിൽ തിളങ്ങി. മത്സരത്തിൽ അർജന്റീന നേടിയ ഗോളുകളെല്ലാം മികച്ചതായിരുന്നു. നിലവിൽ അർജന്റീനയാണ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നതെങ്കിലും എല്ലാ ടീമുകൾക്കും മൂന്നു പോയിന്റുണ്ട്. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ അർജന്റീനക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.