ലോകകപ്പിന് ശേഷം ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീന താരങ്ങൾ, മെസി രണ്ടാം സ്ഥാനത്ത് | Argentina

ഖത്തർ ലോകകപ്പ് നേട്ടം അർജന്റീന താരങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആദ്യത്തെ മത്സരത്തിലെ തോൽ‌വിയിൽ നിന്നും തിരിച്ചുവന്ന് ഐതിഹാസികമായി അർജന്റീന കിരീടം സ്വന്തമാക്കിയതിന് ശേഷം ക്ലബ്ബിലേക്ക് തിരിച്ചു വന്ന താരങ്ങൾ ഗംഭീര പ്രകടനമാണ് നടത്തുന്നത്.

ലോകകപ്പിൽ അർജന്റീന ടീമിനെ മുന്നോട്ടു നയിച്ചത് മെസിയാണെങ്കിൽ ലോകകപ്പിന് ശേഷം ഏറ്റവുമധികം ഗോളുകൾ നേടിയവരിൽ നിൽക്കുന്നത് പിഎസ്‌ജി താരമല്ല. അതിലെ ഏറ്റവും വലിയ വൈരുധ്യം ലോകകപ്പിൽ ഒരു ഗോൾ പോലും നേടാൻ കഴിയാത്ത താരമാണ് അതിനു ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തുന്നതെന്നാണ്.

ഇന്റർ മിലൻറെ അർജന്റീന സ്‌ട്രൈക്കറായ ലൗറ്റാറോ മാർട്ടിനസാണ്‌ ലോകകപ്പിന് ശേഷം ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീന താരം. ലോകകപ്പിൽ മോശം പ്രകടനം നടത്തിയ താരം നിരവധി അവസരങ്ങൾ തുലച്ച് വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം പതിമൂന്നു ഗോളുകളാണ് ഇന്റർ മിലാനു വേണ്ടി ലൗടാരോ അടിച്ചു കൂട്ടിയിരിക്കുന്നത്.

ലോകകപ്പിന് ശേഷം മെസി പിഎസ്‌ജിയിൽ ഒന്ന് പതറിയെങ്കിലും പിന്നീട് ഫോം വീണ്ടെടുത്ത ലയണൽ മെസി പന്ത്രണ്ടു ഗോളുകളുമായി രണ്ടാമതുണ്ട്. ഇറ്റാലിയൻ ക്ലബായ റോമക്ക് വേണ്ടി ഗംഭീര പ്രകടനം ഈ സീസണിൽ നടത്തുന്ന ഡിബാല ഒമ്പത് ഗോളുമായി മൂന്നാമതുണ്ട്. ലോകകപ്പിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു.

എട്ടു ഗോളുകളുമായി യുവന്റസ് താരം ഡി മരിയ, മാഞ്ചസ്റ്റർ സിറ്റി താരം അൽവാരസ്, എംഎൽഎസിൽ കളിക്കുന്ന തിയാഗോ അൽമാഡ എന്നിവരാണ് നാല് മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഹാലാൻഡിനു പിന്നിൽ ഒരു ബാക്കപ്പ് സ്‌ട്രൈക്കറായാണ് അൽവാരസ് ഇത്രയും ഗോളുകൾ നേടിയതെന്നത് പ്രത്യേകം പരാമർശിക്കേണ്ട കാര്യമാണ്.

ഈ താരങ്ങളിൽ പലർക്കും യൂറോപ്യൻ കിരീടപ്രതീക്ഷയുമുണ്ട്. ലൗറ്റാറോ മാർട്ടിനസ് ഇന്ററിനെ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് നയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അൽവാരസും ഒപ്പമുണ്ട്. ഡിബാല റോമയുടെ യൂറോപ്പ ലീഗ് സെമി പ്രവേശനത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ അതെ കിരീടത്തിനു വേണ്ടി പൊരുതാൻ യുവന്റസിനൊപ്പം ഏഞ്ചൽ ഡി മരിയയുമുണ്ട്.

Argentina Players With Most Goals After World Cup