കേരളത്തിൽ ഫുട്ബോൾ വളർത്താൻ അർജന്റീന ഒരുങ്ങുന്നു, മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി | Argentina

ഖത്തർ ലോകകപ്പിൽ ചാമ്പ്യന്മാരായതിനു ശേഷം അർജന്റീന ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക പേജിൽ നിന്നും ഏഷ്യയിലെ നിരവധി രാജ്യങ്ങൾക്ക് നന്ദി പറഞ്ഞിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാൽ അതിനിടയിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിന്റെ പേരും ഉണ്ടായിരുന്നു. അർജന്റീന ഫുട്ബോൾ ടീമിന് അതിരില്ലാത്ത പിന്തുണ നൽകിയ കേരളത്തിലെ ആരാധകർക്ക് ആവേശം നൽകിയ കാര്യമായിരുന്നു അത്.

ഇപ്പോൾ അർജന്റീനയിൽ നിന്നും കേരളത്തിലെ ഫുട്ബോൾ മെച്ചപ്പെടുത്താനുള്ള സഹായവും പിന്തുണയും വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി അർജന്റീന അംബാസിഡർ ഹ്യൂഗോ സേവിയർ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം.

“അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള ഡൽഹിയിലെ കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു. ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന.”

“ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.” പിണറായി വിജയൻ പറഞ്ഞു.

അർജന്റീന ടീമിന് ലോകകപ്പിൽ കേരളം നൽകിയ പിന്തുണ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി കേരളത്തിന്റെ പുരുഷ-വനിതാ ടീമുകൾക്ക് പരിശീലനത്തിനുള്ള പിന്തുണ അർജന്റീനയിൽ നിന്നും ലഭിച്ചാൽ അത് ഇവിടുത്തെ ഫുട്ബോൾ വളർച്ചക്ക് വളരെയധികം ശക്തി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും ഇത് സന്തോഷം നൽകുന്ന കാര്യമാണ്.

Argentina To Help Kerala For Developing Men, Women Football Team