മാലാഖ വീണ്ടും രക്ഷകനായി, കോപ്പ അമേരിക്കക്കു വിജയത്തോടെ തയ്യാറെടുത്ത് അർജന്റീന

കോപ്പ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ ഇക്വഡോറിനെ കീഴടക്കി അർജന്റീന. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയത്. അർജന്റീന ജേഴ്‌സിയിൽ അവസാനത്തെ ടൂർണമെന്റിന് കളിക്കാൻ തയ്യാറെടുക്കുന്ന ഏഞ്ചൽ ഡി മരിയയാണ് മത്സരത്തിൽ ടീമിന്റെ വിജയഗോൾ നേടിയത്.

ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ടീം മത്സരത്തിൽ ഇറങ്ങിയത്. അർജന്റീനക്ക് മുൻ‌തൂക്കം ഉണ്ടായിരുന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോൾ പിറന്നു. ഇടവേളക്ക് പിരിയാൻ അഞ്ചു മിനുട്ട് മാത്രം ബാക്കി നിൽക്കെയാണ് ഡി മരിയയുടെ ഗോൾ പിറന്നത്. ക്രിസ്റ്റ്യൻ റോമെറോ നൽകിയ പാസ് പിഴവൊന്നും കൂടാതെ ഡി മരിയ വലയിലേക്കെത്തിക്കുകയായിരുന്നു.

അർജന്റീനയുടെ ഗോൾ പിറന്നത് മനോഹരമായിരുന്നു. സെന്റർ ലൈനിനരികിൽ നിന്നും ഡി പോൾ നൽകിയ പാസ് പിടിച്ചെടുക്കുമ്പോൾ ഒരു മുന്നേറ്റനിര താരം നിൽക്കേണ്ട പൊസിഷനിലാണ് ഡിഫെൻഡറായ ക്രിസ്റ്റ്യൻ റോമെറോ ഉണ്ടായിരുന്നത്. അതിനു ശേഷം തടയാൻ വന്ന ഇക്വഡോർ താരങ്ങളെ വെട്ടിച്ചതിനു ശേഷം ബോക്‌സിലേക്ക് റൺ ചെയ്‌ത ഡി മരിയക്ക് നൽകുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലയണൽ മെസി കളത്തിലിറങ്ങിയത്. താരവും മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ഗോളുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അർജന്റീന ടീമിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയില്ലെന്നതിനു പുറമെ ഉണ്ടായിരുന്ന പ്രധാന മാറ്റം നിക്കോളാസ് ഒട്ടമെന്റിക്കു പകരം ലിസാൻഡ്രോ മാർട്ടിനസ് പ്രതിരോധത്തിൽ ഇറങ്ങിയതാണ്.

കോപ്പ അമേരിക്കക്ക് മുൻപുള്ള മത്സരത്തിൽ വിജയിച്ചത് അർജന്റീനക്ക് ആശ്വാസമാണ്. ഇനി ഗ്വാട്ടിമാലക്കെതിരെ ഒരു മത്സരം കൂടി അർജന്റീനക്ക് ബാക്കിയുണ്ട്. അതിനു ശേഷമാണ് അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന് ഇറങ്ങുക. മെയ് ഇരുപത്തിയൊന്നിന് കാനഡക്കെതിരെയാണ് അർജന്റീനയുടെ ആദ്യത്തെ മത്സരം.