ബ്രസീലിൽ ജനിച്ചിരുന്നെങ്കിൽ റൊണാൾഡോ രണ്ടു ലോകകപ്പ് സ്വന്തമാക്കിയേനെ, പറയുന്നത് അർജന്റൈൻ അനലിസ്റ്റ്

സമകാലീന ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് ഇതുവരെ റൊണാൾഡോക്ക് നേടാൻ കഴിഞ്ഞിട്ടില്ല. തന്റെ പ്രധാന എതിരാളിയായ ലയണൽ മെസി ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പ് സ്വന്തമാക്കിയതോടെ റൊണാൾഡോയെ പലരും ഇക്കാര്യത്തിൽ ട്രോളുന്നുമുണ്ട്.

എന്നാൽ റൊണാൾഡോക്ക് ലോകകപ്പ് സ്വന്തമാക്കാൻ കഴിയാത്തത് താരം പോർച്ചുഗലിൽ ജനിച്ചതു കൊണ്ട് കൂടിയാണെന്നാണ് അർജന്റൈൻ അനലിസ്റ്റായ ഓസ്‌വാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞത്. സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീലിലാണ് റൊണാൾഡോ ജനിച്ചതെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.

“പോർച്ചുഗലിനെപ്പോലെ മത്സരതാൽപര്യം കുറഞ്ഞ, ഫുട്ബോൾ പാരമ്പര്യം അധികമില്ലാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നത് ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തെറ്റല്ല. ബ്രസീലിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിച്ചിരുന്നതെങ്കിൽ ഇതിനകം രണ്ടു ലോകകപ്പുകൾ താരം നേടിയേനെ.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഓസ്‌വാൾഡോ വ്യക്തമാക്കി.

പോർച്ചുഗൽ ടീമിനൊപ്പം ഒരുപാട് റെക്കോർഡുകൾ സ്വന്തമായുള്ള താരമാണ് റൊണാൾഡോ. അത്ര മികച്ചൊരു ടീം അല്ലാതിരുന്നിട്ടു കൂടി 2016ലെ യൂറോ കപ്പിൽ പോർച്ചുഗൽ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനേക്കാൾ മികച്ച, ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമുമായാണ് ഇത്തവണ പോർച്ചുഗൽ യൂറോക്ക് എത്തിയിരിക്കുന്നത്.

അതേസമയം റൊണാൾഡോ കളിച്ചു തുടങ്ങിയതിനു ശേഷം ബ്രസീൽ ഒരു ലോകകപ്പ് പോലും നേടിയിട്ടില്ല. കാനറികൾ അവസാനമായി ലോകകപ്പ് സ്വന്തമാക്കുന്നത് 2002ലാണ്. അതിനു ശേഷം ഒരു ലോകകപ്പ് ഫൈനൽ പോലും കളിക്കാൻ അവർക്ക് കഴിയാത്തതിനാൽ ആരാധകർ വിമർശനം നടത്തുന്നുണ്ട്. പക്ഷെ റൊണാൾഡോയെപ്പോലെ ഒരു താരം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിന്റെ കരുത്ത് വർധിച്ചേനെ.