ഇന്ത്യൻ ഫുട്ബോൾ ടീമിനു ലോകകപ്പിലേക്ക് വഴിയൊരുക്കാൻ ആഴ്‌സൺ വെങ്ങർ

ഇന്ത്യൻ ഫുട്ബോളിനെ നേരായ വഴിയിലൂടെ നയിക്കാൻ വിഖ്യാത പരിശീലകനായ ആഴ്‌സൺ വേങ്ങർ രാജ്യത്തേക്ക് വരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാം മികച്ചതാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് മുൻ ആഴ്‌സണൽ പരിശീലകനും ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവിയുമായ ആഴ്‌സൺ വെങ്ങർ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിലെ ദോഹയിൽ വെച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവികളായ കല്യാൺ ചൗബെയും ഷാജി പ്രഭാകരനും ഫിഫയുടെയും എഎഫ്‌സിയുടെയും മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ത്യയിലെ യൂത്ത് ഡെവലപ്മെന്റ് പദ്ധതികളെക്കുറിച്ചാണ് ഇവർ ചർച്ച നടത്തിയത്. ഇന്ത്യൻ ഫുട്ബോളിനെ നിലവിലുള്ളതിനെക്കാൾ അഞ്ഞൂറ് ശതമാനം വളർച്ചയിൽ എത്തിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ചൗബേ പറഞ്ഞു.

ഇരുപതു വർഷത്തിലധികം ആഴ്‌സണൽ പരിശീലകനായിരുന്ന ആഴ്‌സൺ വെങ്ങർ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെയും ഫുട്ബോളിനെക്കുറിച്ച് ആഴത്തിൽ അറിവുള്ളയാളുമായാണ് കരുതപ്പെടുന്നത്. ആഴ്‌സണൽ വിട്ടതിനു ശേഷം പിന്നീട് മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ ഫുട്ബോളിന്റെ വളർച്ചക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. അതിനാൽ തന്നെ അദ്ദേഹം നിർദ്ദേശങ്ങൾ നൽകുന്നത് ഇന്ത്യൻ ഫുട്ബോളിന് വളരെയധികം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.