ഒരു വർഷം 1700 കോടി രൂപ പ്രതിഫലം, റൊണാൾഡോ ജനുവരിയിൽ യൂറോപ്പ് വിടും

ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്യൻ ഫുട്ബോളിൽ നിന്നും പുറത്തേക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ഫ്രീ ഏജന്റായ താരം സൗദി അറേബ്യൻ ക്ലബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയാണ് വെളിപ്പെടുത്തുന്നത്. താരം ക്ലബുമായി കരാറിലെത്തുന്നതിന്റെ തൊട്ടരികിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാർക്ക വെളിപ്പെടുത്തുന്നതു പ്രകാരം ഇതുവരെ ഒരു ഫുട്ബോൾ താരത്തിനും ലഭിക്കാത്ത കൂറ്റൻ പ്രതിഫലമാണ് റൊണാൾഡോക്ക് സൗദി ക്ലബിലേക്ക് ചേക്കേറുന്നതു വഴി നേടാൻ കഴിയുക. റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിൽ 173 മില്യൺ പൗണ്ടിലധികം എന്ന കണക്കിൽ രണ്ടര വർഷത്തെ കരാറാണ് സൗദി ക്ലബുമായി താരം ഒപ്പിടുക. പരസ്യങ്ങൾ അടക്കമാണ് ഈ കരാർ. മുപ്പത്തിയെട്ടു വയസുള്ള താരം കരാർ പൂർത്തിയാക്കുകയാണെങ്കിൽ നാൽപ്പതു വയസു വരെ സൗദി ലീഗിൽ കളിക്കും.

റൊണാൾഡോയെ സൗദിയിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് രാജ്യത്തെ സ്പോർട്ട്സ് മിനിസ്റ്റർ ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ വരുന്നത്. 2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമായാണിത്. എന്നാൽ കരാർ യാഥാർഥ്യമായാൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും കളിക്കുകയെന്ന താരത്തിന്റെ ആഗ്രഹം നടക്കാതെ അവശേഷിക്കും.