ലോകകപ്പിനിടെ ആരാധകർക്ക് വേദനയായി കൊളംബിയൻ ഫുട്ബോൾ താരം കുഴഞ്ഞു വീണു മരിച്ചു

ഇരുപത്തിരണ്ടു വയസുള്ള കൊളംബിയൻ ഫുട്ബോൾ താരം കുഴഞ്ഞു വീണു മരിച്ചു. കൊളംബിയൻ യൂത്ത് ടീമിനായി കളിച്ചിട്ടുള്ള മധ്യനിര താരമായ ആന്ദ്രെസ് ബലാന്റായാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ താരത്തെ അടുത്തുള്ള ടുകുമാൻ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവിടെയെത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

കൊളംബിയൻ ക്ലബായ ഡീപോർട്ടീവോ കാലിയിൽ നിന്നും അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ടുകുമാനിലേക്ക് കഴിഞ്ഞ വർഷം ജൂലൈയിലാണ് ബാലാന്റയെത്തുന്നത്. 2019ൽ നടന്ന അണ്ടർ 20 ലോകകപ്പിൽ കൊളംബിയൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ബാലാന്റ. ക്ലബിന്റെ രണ്ടാമത്തെ പ്രീ സീസൺ പരിശീലനത്തിൽ പങ്കെടുക്കുമ്പോഴാണ് ബലാന്റ കുഴഞ്ഞു വീണു മരിക്കുന്നത്.

ഇതിനു മുൻപും സമാനമായ രീതിയിൽ താരം കുഴഞ്ഞു വീണിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്ലുക്കോസിന്റെ കുറവ് കാരണമാണ് ഇത് സംഭവിച്ചതെന്നും മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ സ്‌കാനിങ് അടക്കമുള്ള പരിശോധനയിൽ കണ്ടില്ലെന്നും പറയുന്നു. താരത്തിന്റെ മരണത്തിൽ അർജന്റീനിയൻ ക്ലബ് ദുഃഖം രേഖപ്പെടുത്തി.