മത്സരത്തിനിടെ മെസിയോട് ബെറ്റു വെച്ചു തോറ്റു, വെളിപ്പെടുത്തലുമായി പോളണ്ട് ഗോൾകീപ്പർ

അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിടെ ലയണൽ മെസിയോട് ബെറ്റു വെച്ച് തോറ്റുവെന്ന് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിന്റെ ആദ്യപകുതിയിൽ ഷെസ്‌നി മെസിയെ ഫൗൾ ചെയ്‌തതിന്‌ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം റഫറി പെനാൽറ്റി നൽകിയിരുന്നു. ആ ഫൗളിന് ശേഷം റഫറി പെനാൽറ്റി അനുവദിക്കില്ലെന്നു പറഞ്ഞാണ് മെസിയോട് ബെറ്റു വെച്ചതെന്നും എന്നാൽ റഫറി പെനാൽറ്റി നൽകിയതോടെ മെസിയോട് തോറ്റു പോയെന്നും താരം പറഞ്ഞു.

“പെനാൽറ്റി തീരുമാനത്തിന് മുൻപ് ഞങ്ങൾ സംസാരിച്ചപ്പോൾ റഫറി അത് നൽകാൻ പോകുന്നില്ലെന്നു പറഞ്ഞ മെസിയുമായി നൂറു യൂറോയുടെ ബെറ്റ് വെച്ചിരുന്നു. അതിനാൽ ഞാനിപ്പോൾ മെസിയോട് ബെറ്റിൽ തോറ്റിരിക്കയാണ്. അത് ലോകകപ്പിൽ അനുവദിക്കുന്ന കാര്യമാണോ എന്നറിയില്ല. എനിക്കു നേരെ നടപടി ഉണ്ടാകാമെങ്കിലും ഇപ്പോൾ ഞാനത് കാര്യമാക്കുന്നേയില്ല.”

“ഞാൻ മെസിക്കാ പണം നൽകാനും പോകുന്നില്ല. എല്ലാം വേണ്ടത്രയുള്ള മെസി ആ നൂറു യൂറോയെക്കുറിച്ച് ശ്രദ്ധിക്കാനേ പോകുന്നില്ല.” മത്സരത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ഷെസ്‌നി പറഞ്ഞു. അതേസമയം ആ പെനാൽറ്റി ഗോളാക്കി മാറ്റാൻ മെസിക്ക് കഴിഞ്ഞില്ല. താരത്തിന്റെ കിക്ക് പോളണ്ട് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു. എങ്കിലും രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവർ നേടിയ ഗോളിലൂടെ അർജന്റീന വിജയം നേടി പ്രീ ക്വാർട്ടർ ഉറപ്പിച്ചു.