ആഴ്‌സൺ വെങ്ങർ നയിക്കും, ഇന്ത്യൻ ഫുട്ബോളിനെ ഒന്നാമതെത്തിക്കാൻ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു

ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് നാല് മാസം മുൻപ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിലെത്തിയ പ്രസിഡണ്ട് കല്യാൺ ചൗബെയും സെക്രട്ടറി ജനറലായ ഷാജി പ്രഭാകരനും. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഇതുമായി ബന്ധപ്പെട്ട 94 സ്ലൈഡുകളുടെ പ്രസന്റേഷൻ നടന്നത്. 2047 വരെ നീളുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാർഷികത്തിലേക്ക് എത്തുമ്പോൾ ഏഷ്യയിലെ തന്നെ ടോപ് ഫോർ ടീമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

മുൻ ആഴ്‌സണൽ പരിശീലകനും നിലവിൽ ഫിഫയുടെ ഗ്ലോബൽ ഡെവലപ്മെന്റ് ചീഫുമായ ആഴ്‌സൺ വെങ്ങർ ഇന്ത്യൻ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾക്ക് കൃത്യമായ ഇടപെടലും സഹായവും നടത്തുമെന്നതാണ് ഈ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഖത്തർ ലോകകപ്പ് സമയത്ത് ദോഹയിൽ വെച്ച് ഇന്ത്യൻ ഫുട്ബോളിന്റെ നേതൃത്വം ഇക്കാര്യത്തിൽ വെങ്ങർ അടക്കമുള്ള ഫിഫയുടെ മേധാവികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയിൽ ഫുട്ബോളിന് മികച്ച രീതിയിൽ വേരോട്ടമുണ്ടാക്കാൻ കഴിയുമെന്ന് നേരത്തെ മനസിലാക്കിയ ഫിഫ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌.

രാജ്യത്ത് ഫുട്ബോൾ മത്സരങ്ങൾ വർധിപ്പിച്ച് കളിക്കാരുടെ കായികക്ഷമത വർധിപ്പിക്കുകയെന്നത് ‘വിഷൻ 2047’ എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ പ്രധാന പരിപാടിയാണ്. ഓരോ കളിക്കാരും ഒരു സീസണിൽ അമ്പത്തിയഞ്ചോളം മത്സരങ്ങൾ ഇതിന്റെ ഭാഗമായി കളിക്കേണ്ടി വരും. 2036 ആകുമ്പോഴേക്കും ഏഷ്യയിലെ ഏറ്റവും മികച്ച ഏഴു ടീമുകളിൽ ഒന്നാവുകയാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്. ആ വർഷമാകുമ്പോഴേക്കും ലോകകപ്പിന് യോഗ്യത നേടുകയെന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിനു ഗവണ്മെന്റ് അടക്കമുള്ള സ്ഥാപനങ്ങളുടെ കൃത്യമായ പിന്തുണ വേണമെന്ന് അവർ ആവശ്യപ്പെടുന്നു.

2026 ആകുമ്പോഴേക്കും നൂറിലധികം ഗ്രാമങ്ങളിലൂടെ ഫുട്ബോൾ വികസിപ്പിച്ച് മുപ്പത്തിയഞ്ചു മില്യൺ കുട്ടികളിൽ എത്താനുള്ള പരിപാടി ഇവർ മുന്നോട്ടു വെക്കുന്നു. ഫുട്ബോൾ സ്‌കൂൾസ് എന്ന പദ്ധതിയിലൂടെ ഇരുപത്തിയഞ്ചു മില്യൺ കുട്ടികൾക്ക് ഫുട്ബോൾ പഠനം നൽകാനും ഒരു മില്യൺ രെജിസ്റ്റർ ചെയ്‌ത കളിക്കാരെ ഉണ്ടാക്കാനും അവർ ലക്ഷ്യമിടുന്നുണ്ട്. പുരുഷഫുട്ബാൾ മാത്രമല്ല, വനിതാ ഫുട്ബോളും ലോകത്ത് വികസിച്ചു കൊണ്ടിരിക്കുന്നത് ഫെഡറേഷൻ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ വികസനവും ഒപ്പം നടത്താൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ‘വിഷൻ 2047’ എന്ന പദ്ധതി ലക്‌ഷ്യം വെക്കുന്നു.

നാൽപതു ടീമുകളെ വെച്ച് ത്രീ ടയർ ഇന്ത്യൻ ഫുട്ബോൾ പിരമിഡ് ഉണ്ടാക്കാനുള്ള പദ്ധതിയും ഇതിലുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് എന്നിവയിൽ നിന്നുള്ള പതിനാലു വീതം ടീമുകളും ഐ ലീഗിന്റെ സെക്കൻഡ് ഡിവിഷനിൽ 12 ടീമുകളും ഉണ്ടാകും. സ്റ്റേറ്റ്, ജില്ലാ തലത്തിലുള്ള ടൂർണമെന്റുകളും യൂത്ത് തലത്തിൽ ഫുട്ബോൾ വളർത്താനുള്ള ടൂർണമെന്റുകളും ഇതിന്റെ ഭാഗമായി മികച്ച രീതിയിൽ സംഘടിപ്പിക്കും. ഇതിനു പുറമെ ഇന്ത്യൻ ഫുട്ബോൾ ടീമിന് കൃത്യമായൊരു ശൈലി ഉണ്ടാക്കുകയെന്നതും ഇതിൽ ഉൾപ്പെടുന്നു. വളരെയധികം പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ് എഐഎഫ്എഫ് നടത്തിയിരിക്കുന്നതെന്നതിൽ സംശയമില്ല.