പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോയുടെ ഭാവിയെന്ത്, പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ പ്രതികരണം

കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ ദേശീയ ടീമിന്റെ പരിശീലകനായി റോബർട്ടോ മാർട്ടിനസ് സ്ഥാനമേറ്റെടുത്തത്. 2022 ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോയോടു തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ പുറത്താക്കിയിരുന്നു. ആറു വർഷത്തിലധികമായി ബെൽജിയത്തെ പരിശീലിപ്പിച്ചിരുന്ന മുൻ എവർട്ടൺ മാനേജരായ റോബർട്ടോ മാർട്ടിനസിനെ അതിനു പകരമാണ് ടീമിലെത്തിച്ചത്. ബെൽജിയത്തിന്റെ സുവർണതലമുറയിലെ താരങ്ങളെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാത്ത പരിശീലകനാണ് റോബർട്ടോ മാർട്ടിനസെങ്കിലും പോർച്ചുഗൽ ടീമിനൊപ്പം അദ്ദേഹത്തിനു കൂടുതൽ മികവ് കാണിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മികച്ച രീതിയിൽ വളർത്തിയെടുക്കാൻ കഴിവുള്ള നിരവധി യുവതാരങ്ങൾ അടങ്ങിയ ടീമാണ് പോർച്ചുഗലെന്ന് ഖത്തർ ലോകകപ്പിൽ അവർ തെളിയിച്ചിരുന്നു. അതുകൊണ്ടു തന്നെ റോബർട്ടോ മാർട്ടിനസിന് ടീമിനെ മികച്ചതാക്കി മാറ്റിയെടുക്കാൻ കഴിയുമെന്ന വലിയ പ്രതീക്ഷയുണ്ട്. എന്നാൽ അതിനൊപ്പം റോബർട്ടോ മാർട്ടിനസ് കൈകാര്യം ചെയ്യേണ്ടത് ടീമിലെ വെറ്ററൻ താരങ്ങളെയാണ്. മുപ്പത്തിയൊമ്പതിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും നാൽപതു വയസിലേക്ക് പോകുന്ന പെപ്പെയുമെല്ലാം ഇപ്പോഴും ദേശീയ ടീമിന്റെ ഭാഗമാണ്. പോർച്ചുഗൽ പരിശീലകനായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുമോയെന്ന ചോദ്യം റോബർട്ടോ മാർട്ടിനസ് നേരിടുകയും ചെയ്‌തിരുന്നു.

Roberto Martinez Discusses About Ronaldo Role In Portugal Team

“ഫുട്ബോൾ സംബന്ധിച്ച തീരുമാനങ്ങൾ മൈതാനത്തു വെച്ചാണ് എടുക്കേണ്ടത്. ഓഫീസിൽ വെച്ച് ഇത്തരം തീരുമാനങ്ങൾ എടുക്കുന്ന പരിശീലകനല്ല ഞാൻ. എല്ലാവരെയും ഇന്നു തന്നെ കാണുകയെന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം, എല്ലാവരുമായും ബന്ധപ്പെടണം. ലോകകപ്പിൽ കളിച്ച 26 താരങ്ങളുടെ ലിസ്റ്റിൽ നിന്നാണ് ഞാൻ തുടങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആ ലിസ്റ്റിലുള്ള ഒരാളാണ്. ദേശീയ ടീമിൽ 19 വർഷമായി തുടരുന്ന റൊണാൾഡോയുമായി ഇരുന്നു സംസാരിക്കാനുള്ള ബഹുമാനം താരം അർഹിക്കുന്നു. നാളെ മുതൽ എല്ലാവരുമായും സംസാരിച്ച് അവരെ അറിഞ്ഞു തുടങ്ങും, റൊണാൾഡോ അതിലൊരാളാണ്.”

“ടീമിന്റെ ഘടനയെക്കുറിച്ചും കോച്ചിങ് സ്റ്റാഫുകളുടെ ചുമതലയെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതെല്ലാം ഞാൻ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പോർച്ചുഗൽ ദേശീയ ടീം മുൻ താരമായ ഒരു അസിസ്റ്റന്റിനെ വെക്കാൻ എനിക്ക് താൽപര്യമുണ്ട്. കോച്ചിങ് സ്റ്റാഫിൽ അവർ വളരെ പ്രധാനിയായിക്കും, പോർച്ചുഗീസ് ഫുട്ബോളിന് പുതിയൊരു ഊർജ്ജവും നൽകും. ഒരു സിസ്റ്റത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തിയാൽ വിജയവും തേടി വരും.” മാർട്ടിനസ് പറഞ്ഞു.

2024ൽ നടക്കുന്ന യൂറോ കപ്പിൽ പങ്കെടുക്കുകയെന്ന ലക്‌ഷ്യം മുന്നിൽ വെച്ചാണ് റൊണാൾഡോ ദേശീയ ടീമിൽ നിന്നും വിരമിക്കാതെ തുടരുന്നതെന്നാണ് കരുതേണ്ടത്. നിലവിലെ മാർട്ടിനസിന്റെ വാക്കുകൾ റൊണാൾഡോയെ ടീമിന്റെ ഭാഗമാക്കും എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാൽ അതിനായി മികച്ച പ്രകടനം റൊണാൾഡോയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. സൗദി ലീഗിൽ റൊണാൾഡോക്ക് അതിനു കഴിയുമെന്ന് ഏവരും കരുതുന്നു. അതേസമയം ഈ സീസണിലും ലോകകപ്പിലും മോശം പ്രകടനം നടത്തിയ റൊണാൾഡോ സൗദിയിലും തിളങ്ങാതെ പോയാൽ ദേശീയ ടീമിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.