ഖത്തറിന്റെ പണക്കൊഴുപ്പ് പ്രീമിയർ ലീഗിലേക്കും, വമ്പൻ ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു

കായികരംഗത്ത് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കൂടുതൽ പണമിറക്കുന്ന കാഴ്‌ചയാണ്‌ കണ്ടു കൊണ്ടിരിക്കുന്നത്. ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെ ഏറ്റെടുത്തത് ഇതിന്റെ ഏറ്റവും ഉയർന്ന രൂപമായിരുന്നു. ഇപ്പോൾ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കപ്പെടുന്ന ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെല്ലാം ഈ ക്ലബിലാണ് കളിക്കുന്നത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകക്കുള്ള രണ്ടു ട്രാൻസ്‌ഫറുകളും ഈ ക്ലബുകളുടെ പേരിൽ തന്നെയാണ്. ഇതിനു പുറമെ മാഞ്ചസ്റ്റർ സിറ്റിയെ യുഎഇ കേന്ദ്രമായിട്ടുള്ള സിറ്റി ഗ്രൂപ്പും സ്വന്തമാക്കി. ഇപ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സിറ്റി.

ഖത്തറും യുഎഇയും ഏറ്റെടുത്ത ക്ലബുകൾ യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയതിനു പിന്നാലെ മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യയും യൂറോപ്യൻ ഫുട്ബോളിലേക്ക് വന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ അവർ വാങ്ങുന്ന സമയത്ത് ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ക്ലബ് ഇപ്പോൾ ടോപ് ഫോറിലാണ്. പിഎസ്‌ജിയെപ്പോലെ വമ്പൻ സൈനിംഗുകൾ ഒന്നും ഇതുവരെ നടത്തിയില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Qatar To Invest In Premier League Club Tottenham Hotspur

പിഎസ്‌ജിയെ ഏറ്റെടുത്തത് പാരീസിൽ ഉണ്ടാക്കിയ വാണിജ്യപരമായ വിജയത്തിനു ശേഷം ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് അവരുടെ പ്രവർത്തനം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുമായി അവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ ടോപ് സിക്‌സ് ക്ലബുകളിലൊന്നായ ടോട്ടനം ഹോസ്‌പർ ചെയർമാൻ ഡാനിയൽ ലെവിയും പിഎസ്‌ജി ചെയർമാൻ നാസർ അൽ ഖലൈഫിയും തമ്മിലാണ് ചർച്ചകൾ നടന്നത്. എന്നാൽ ടോട്ടനം ഹോസ്പേറിനെ മുഴുവനായും ഏറ്റെടുക്കാൻ ഖത്തറിന് താൽപര്യമില്ല. ഒരു ബില്യൺ പൗണ്ട് ക്ലബിൽ നിക്ഷേപം നടത്താനാണ് അവർ ഒരുങ്ങുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിരവധി ക്ലബുകൾ വിൽക്കാൻ വേണ്ടിയുള്ള പദ്ധതി ഉടമകൾക്കുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രീമിയർ ലീഗിൽ പ്രധാന ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവയെല്ലാം വിൽപ്പന നടത്താൻ ഉടമകൾക്ക് താൽപര്യമുണ്ട്. ടോട്ടനം ഹോസ്‌പറുമായി നിലവിൽ നാസർ അൽ കലൈഫി നടത്തിയ ചർച്ചകൾ വിജയം കാണാനുള്ള സാധ്യതയാണ് കൂടുതൽ. അത് സംഭവിച്ചില്ലെങ്കിൽ മറ്റു ക്ലബുകളെ സ്വന്തമാക്കാനുള്ള സാധ്യതകൾ പിഎസ്‌ജി നേതൃത്വം തിരിയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂടി അവരുടെ ബിസിനസ് വ്യാപിക്കുകയെന്നത് അവർ പ്രാധാന്യത്തോടെ കാണുന്ന കാര്യമാണ്.

സിറ്റി ഗ്രൂപ്പിനെ പോലെ ആഗോളതലത്തിൽ തങ്ങളുടെ ക്ലബുകളുടെ ഒരു ശൃംഖല സൃഷ്‌ടിക്കുകയെന്ന പദ്ധതി ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിനുണ്ട്. നിലവിൽ സിറ്റി ഗ്രൂപ്പിന് നിരവധി ക്ലബുകൾ സ്വന്തമായുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ അമേരിക്കൻ ക്ലബ് ന്യൂയോർക്ക് സിറ്റി, സ്‌പാനിഷ്‌ ക്ലബ് ജിറോണ, ഓസ്‌ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എന്നിവയെല്ലാം അവരുടേതാണ്. അതേസമയം 2011ൽ പിഎസ്‌ജിയെ വാങ്ങിയ ഖത്തർ അതിനു ശേഷം പോർച്ചുഗീസ് ക്ലബ് ബ്രാഗയിൽ നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് ഇംഗ്ലണ്ടിലേക്കും തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നത്.