ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാനാവാതെ ബെൻസിമ മടങ്ങുന്നു, വിരമിക്കൽ പ്രഖ്യാപിച്ച് താരം
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് തോൽവി വഴങ്ങിയതിനു പിന്നാലെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കരിം ബെൻസിമ. ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും ടൂർണമെന്റിന്റെ തൊട്ടു മുൻപ് പരിക്കേറ്റതിനെ തുടർന്ന് ഒരു മത്സരം പോലും കളിക്കാൻ ബെൻസിമക്ക് കഴിഞ്ഞിരുന്നില്ല. ട്വിറ്ററിലൂടെയാണ് ബെൻസിമ ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
“ഞാൻ വളരെയധികം പ്രയത്നിച്ചു, എനിക്ക് സംഭവിച്ച പിഴവുകൾ കൂടിയാണ് ഇന്നു നിൽക്കുന്ന ഇടത്തിലെത്തിച്ചത്. അതിലെനിക്ക് അഭിമാനമുണ്ട്. ഞാനെന്റെ കഥ എഴുതിക്കഴിഞ്ഞു, നമ്മളുടെ കഥ ഇവിടെ അവസാനിക്കുകയും ചെയ്യുന്നു.” ഫ്രാൻസ് ജേഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രത്തിനൊപ്പം ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ ബെൻസിമ ട്വിറ്ററിൽ കുറിച്ചു.
J’ai fait les efforts et les erreurs qu’il fallait pour être là où je suis aujourd’hui et j’en suis fier !
J’ai écrit mon histoire et la nôtre prend fin. #Nueve pic.twitter.com/7LYEzbpHEs— Karim Benzema (@Benzema) December 19, 2022
ഫ്രഞ്ച് ടീമിലെ മുൻ സഹതാരമായ വാൽബുവെനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ദേശീയ ടീമിൽ നിന്നും വളരെക്കാലം വിട്ടു നിൽക്കേണ്ടി വന്ന കരിം ബെൻസിമ കഴിഞ്ഞ വർഷമാണ് ടീമിലേക്ക് തിരിച്ചു വന്നത്. മികച്ച ഫോമിൽ കളിക്കുമ്പോഴും 2016 യൂറോ കപ്പ്, 2018 ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകൾ ഇതേത്തുടർന്ന് നഷ്ടമായ താരം കഴിഞ്ഞ യൂറോ കപ്പിൽ കളിച്ചിരുന്നെങ്കിലും കിരീടം നേടാനായില്ല. ഇത്തവണ ലോകകപ്പ് ടീമിൽ ഇടം പിടിച്ചപ്പോൾ പരിക്കും ബെൻസിമയുടെ വഴി മുടക്കി.
ലോകകപ്പ് ഫൈനലിൽ ബെൻസിമ ടീമിനൊപ്പം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നെങ്കിലും ഫ്രാൻസ് പരിശീലകൻ ദെഷാംപ്സും താരവും ഒരുപോലെയാണ് അതിനെ നിഷേധിച്ചത്. ഇത് പരിശീലകനും താരവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഫ്രാൻസ് ടീമിൽ നിന്നും താരം തഴയപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ വരാനും കാരണമായി. ആ വാർത്തകൾ തള്ളിക്കളയാൻ കഴിയില്ലെന്നാണ് ബെൻസിമയുടെ വിരമിക്കൽ പ്രഖ്യാപനവും വ്യക്തമാക്കുന്നത്.
Official. Karim Benzema announces his retirement from international football 🚨🇫🇷 #Benzema
He leaves the French national team. pic.twitter.com/FQMNi0TFu1
— Fabrizio Romano (@FabrizioRomano) December 19, 2022
ലോകകപ്പിനു ശേഷം സിദാൻ ടീമിന്റെ പരിശീലകനായിരുന്നെങ്കിൽ ബെൻസിമ ടീമിൽ തുടർന്നേനെ. എന്നാൽ ദെഷാംപ്സ് തന്നെ തുടരാനുളള സാധ്യത ഉള്ളതാണ് ബെൻസിമയുടെ തീരുമാനത്തിന് പിന്നിലെന്ന് കരുതാവുന്നതാണ്. റയൽ മാഡ്രിഡിനൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി സിദാന് ശേഷം ബാലൺ ഡി ഓർ സ്വന്തമാക്കിയ താരത്തിനു ഫ്രാൻസ് ടീമിനൊപ്പം ആകെ സ്വന്തമാക്കാൻ കഴിഞ്ഞത് 2021ലെ നേഷൻസ് ലീഗ് കിരീടം മാത്രമാണ്. എങ്കിലും ഫ്രാൻസ് കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിൽ തന്നെയാണ് ബെൻസിമയുടെ സ്ഥാനം.