അങ്ങിനെയൊരു മാറ്റം ഉണ്ടാകാൻ പോകുന്നില്ല, അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലായതിനെ തുടർന്ന് പരിശീലകൻ മൈക്കൽ സ്റ്റാറെയെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നതിനോട് പ്രതികരിച്ച് ക്ലബിന്റെ സിഇഒയായ അഭിക് ചാറ്റർജി.

കമന്റേറ്ററായ ഷൈജു ദാമോദരനാണ് കഴിഞ്ഞ ദിവസം മൈക്കൽ സ്റ്റാറെയെ പുറത്താക്കാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയത്. അടുത്ത രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫലങ്ങൾ മോശമായാൽ മൈക്കൽ സ്റ്റാറെ പുറത്തു പോകുമെന്നാണ് ഷൈജു പറഞ്ഞത്.

നേരത്തെ ഇതേ അഭ്യൂഹങ്ങൾ പുറത്തു വന്നപ്പോൾ അഭിക് ചാറ്റർജി അതിനെ നിഷേധിച്ചിരുന്നു. “ഞാൻ നേരത്തെ പറഞ്ഞതിന് മാറ്റമുണ്ടാകാൻ പോകുന്നില്ല. ഈ വാർത്തയിലെ ചെറിയൊരു അംശം പോലും യാഥാർത്ഥ്യമല്ല.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലീഗിൽ എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. അടുത്ത രണ്ടു മത്സരങ്ങളിൽ ചെന്നൈയിൻ സിറ്റി, എഫ്‌സി ഗോവ എന്നീ ടീമുകളെ സ്വന്തം മൈതാനത്ത് നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

മൈക്കൽ സ്റ്റാറെയെ പുറത്താക്കണമെന്ന ആഗ്രഹം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടാകാൻ സാധ്യതയില്ല. പരിശീലകനല്ല, മറിച്ച് ടീമിലെ താരങ്ങളും മികച്ച താരങ്ങളെ നൽകാൻ മടി കാണിക്കുന്ന മാനേജ്‌മെന്റുമാണ് പ്രതികളെന്നാണ് ആരാധകർ പറയുന്നത്.