പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബ്രസീൽ, പിന്തുടരുന്നത് അർജന്റീനയുടെ മാതൃകയോ

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി ബ്രസീൽ പുറത്തു പോയതിനു പിന്നാലെ ടിറ്റെ മാനേജർ സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ പരിശീലകനെ ഇതുവരെയും ബ്രസീൽ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് ബ്രസീൽ നോട്ടമിടുന്നത്. ഈ സീസണു ശേഷം റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം മാർച്ചിൽ സൗഹൃദമത്സരങ്ങൾ നടക്കാനിരിക്കെ പുതിയ പരിശീലകനെ ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീൽ അണ്ടർ 20 ടീമിന്റെ പരിശീലകനായ റാമോൺ മെനസസിനെയാണ് ടീമിന്റെ താൽക്കാലിക പരിശീലകനായി ബ്രസീൽ ചുമതല നൽകിയിരിക്കുന്നത്. അമ്പതു വയസുള്ള ഇദ്ദേഹം സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് സീനിയർ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് വരുന്നത്.

മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി നാലാം സ്ഥാനം നേടി ചരിത്രം കുറിച്ച മൊറോക്കോയെയാണ് ബ്രസീൽ നേരിടുക. മാർച്ച് ഇരുപത്തിയഞ്ചിന് മത്സരം നടക്കുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം കഴിവുള്ള പരിശീലകനാണ് മെനസെസെന്നും ബ്രസീൽ ടീമിനു വളരെ മികച്ച ആശയങ്ങൾ നൽകാൻ കഴിവുള്ള വ്യക്തികളെയാണ് തങ്ങൾക്ക് വേണ്ടതെന്നും ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.

അതേസമയം ബ്രസീലിന്റെ നീക്കം അർജന്റീനയുടെ മാതൃക പിന്തുടരൽ ആണെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. 2018 ലോകകപ്പിലെ തോൽവിക്ക് ശേഷം യൂത്ത് ടീമിന്റെ പരിശീലകനായിരുന്ന സ്‌കലോണിക്ക് താൽക്കാലിക പരിശീലകനായാണ് അർജന്റീന അവസരം നൽകുന്നത്. പിന്നീട് അദ്ദേഹത്തിന് കീഴിൽ ടീം മികച്ച പ്രകടനം നടത്തിയത് പരിഗണിച്ച് സ്ഥിരം കരാർ നൽകുകയായിരുന്നു. സമാനമായ രീതിയിൽ യൂത്ത് ടീം പരിശീലകന് താൽക്കാലിക കരാർ നൽകുകയാണ് ബ്രസീലും ചെയ്‌തിരിക്കുന്നത്‌.