എൻസോയെ കളിയാക്കിയ ബ്രസീലിയൻ മാധ്യമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് തിയാഗോ സിൽവ

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച് ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിനെ ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് ഭേദിച്ച തുകയ്ക്കാണ് ചെൽസി സ്വന്തമാക്കിയത്. ചെൽസിക്കൊപ്പം മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനോട് തോൽവി വഴങ്ങിയതിനു താരവും കാരണമായിരുന്നു.

മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ടിൽ ഒരു പ്രത്യാക്രമണത്തിലാണ് ചെൽസി ഗോൾ വഴങ്ങിയത്. ഡോർട്മുണ്ട് താരം അദേയാമിക്ക് പന്ത് ലഭിക്കുമ്പോൾ എൻസോ ഫെർണാണ്ടസ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. വേഗതയും ഡ്രിബ്ലിങ് മികവും കൊണ്ട് അർജന്റീന താരത്തെ അനായാസം മറികടന്ന ജർമൻ സ്‌ട്രൈക്കർ കെപ്പയെയും കീഴടക്കി വല കുലുക്കി വിജയം സ്വന്തമാക്കി. ഈ ഗോളിന് ശേഷം എൻസോ ഫെർണാണ്ടസ് ധാരാളം ട്രോളുകൾക്ക് ഇരയാവുകയും ചെയ്‌തു.

മത്സരത്തിന് ശേഷം ബ്രസീലിയൻ മാധ്യമമായ ടിഎൻടി സ്പോർട്ട് ബ്രസീലും അർജന്റീന താരത്തെ കളിയാക്കിയിരുന്നു. ആദേയാമിയുടെ ഒപ്പമെത്താൻ എൻസോ ഊബർ വിളിക്കേണ്ടി വരുമെന്നും അർജന്റീന താരം ഇപ്പോഴും അദേയാമി എവിടെ പോയെന്ന് നോക്കുകയാണെന്നുമാണ് ബ്രസീലിയൻ മാധ്യമം ട്വീറ്റ് ചെയ്‌തത്‌. എന്നാൽ എൻസോക്ക് പിന്തുണ നൽകി ഇതിനു മറുപടിയുമായി ബ്രസീലിയൻ താരം തിയാഗോ സിൽവ തന്നെ രംഗത്തെത്തി.

മറ്റുള്ളവരെ ബഹുമാനിക്കാൻ ബ്രസീലിയൻ മാധ്യമത്തിന് അറിയില്ലെന്ന് പറഞ്ഞ സിൽവ ചെയ്യുന്ന ജോലിയിൽ കുറച്ച് ഗൗരവമായി ഇടപെടണമെന്നും അതിനു മറുപടിയായി ട്വീറ്റ് ചെയ്‌തു. ക്ലബ് തലത്തിൽ ഒരുമിച്ച് കളിക്കുന്ന എൻസോക്ക് സിൽവ നൽകിയ പിന്തുണ ആരാധകർ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ചെൽസിയിലെ മുതിർന്ന താരമെന്ന നിലയിൽ യുവതാരങ്ങൾക്ക് ആത്മവിശ്വാസം പോകാതിരിക്കാൻ സിൽവയുടെ ഇടപെടൽ സഹായിക്കുമെന്ന് ആരാധകർ പറയുന്നു.