നെയ്‌മറും സിൽവയും ക്ലബ് തലത്തിൽ വീണ്ടുമൊരുമിക്കും, ഫ്രീയായി താരത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജി

2017ൽ ലോകറെക്കോർഡ് തുകയ്ക്കാണ് ബാഴ്‌സലോണയിൽ നിന്നും ബ്രസീലിയൻ താരം നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞെങ്കിലും പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ഒരുപാട് മത്സരങ്ങൾ താരത്തിന് നഷ്‌ടമായി. അതിനു പുറമെ മൈതാനത്തും അതിനു പുറത്തുമുള്ള താരത്തിന്റെ പെരുമാറ്റവും ക്ലബ് നേതൃത്വത്തിന് പലപ്പോഴും വലിയ തലവേദന നൽകുന്നതായിരുന്നു.

ഈ സീസണിൽ പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് നെയ്‌മർ നടത്തിയിരുന്നത്. എന്നാൽ ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലിയൻ താരത്തിന്റെ ഫോമിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനു പുറമെ ഫ്രഞ്ച് ലീഗിൽ നടന്ന മൊണാക്കോക്കെതിരെ നടന്ന മത്സരത്തിന് ശേഷം സഹതാരങ്ങളിൽ ചിലരുമായി താരം കയർക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഈ സീസണിന് ശേഷം നെയ്‌മർ പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി വിടാനൊരുങ്ങുന്ന നെയ്‌മറെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ ഉടമയായ ടോഡ് ബോഹ്‍ലി പിഎസ്‌ജി നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരത്തിന് ഇനിയും കരാർ ബാക്കിയുണ്ടെങ്കിലും ഫ്രീ ട്രാൻസ്‌ഫറിൽ വരെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറാണ്.

നെയ്‌മറെ ഒഴിവാക്കാൻ പിഎസ്‌ജി ശ്രമം നടത്തിയിരുന്നെങ്കിലും താരം ക്ലബ് വിടാനില്ലെന്നാണ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നത്. എന്നാൽ അടുത്ത സമ്മറിൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. പുതിയ താരങ്ങളെ വെച്ച് ടീമിനെ അടിമുടി മാറ്റിയെടുത്തു കൊണ്ടിരിക്കുന്ന ചെൽസിയിലേക്ക് ചേക്കേറാൻ നെയ്‌മർക്കും താൽപര്യമുണ്ടാകും. തിയാഗോ സിൽവയുടെ സാന്നിധ്യവും നെയ്‌മറെ സ്വന്തമാക്കുന്നതിൽ ചെൽസിക്ക് അനുകൂല ഘടകമാണ്.