പത്താം മിനുട്ടിൽ തന്നെ ഗോളും അസിസ്റ്റും, വീണ്ടും മിന്നും പ്രകടനവുമായി അർജന്റീനയുടെ ഹീറോ അൽവാരസ് | Julian Alvarez

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കാൻ അർജന്റീനയുടെ മുന്നേറ്റനിര താരമായ ഹൂലിയൻ അൽവാരസിനു കഴിഞ്ഞിരുന്നു. മത്സരത്തിൽ ടീമിനെ മുന്നിലെത്തിച്ച രണ്ടാമത്തെ ഗോൾ ഫോഡൻ നേടിയത് രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ അൽവാരസിന്റെ അസിസ്റ്റിലൂടെയാണ്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും പ്രധാന പങ്കു വഹിച്ചത് അൽവാരസ് തന്നെയാണ്. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ നേടിയത് ഒരു ഗോളും അസിസ്റ്റുമാണ്. അതിനു പുറമെ സിറ്റിയുടെ പ്രധാന സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡ് കൂടി ഗോൾ കണ്ടെത്തിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സിറ്റി സ്വന്തമാക്കി.

മത്സരത്തിൽ പത്ത് മിനുട്ടിൽ തന്നെ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമായി ഹൂലിയൻ അൽവാരസ് മാറി. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നോക്ക്ഔട്ട് മത്സരത്തിന്റെ ആദ്യത്തെ പത്ത് മിനുട്ടിൽ ഒരു താരം ഗോളും അസിസ്റ്റും സ്വന്തമാക്കുന്നത്. മിന്നുന്ന വിജയത്തോടെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് അൽവാരസ് നടത്തുന്നത്. അഞ്ചു മത്സരങ്ങളിൽ ഇറങ്ങിയ താരം അഞ്ചു ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ഇതിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് അൽവാരസ് ആദ്യ ഇലവനിൽ ഇറങ്ങിയതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനു പുറമെ പ്രീമിയർ ലീഗിൽ എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.

ഒരു സ്‌ട്രൈക്കറാണെങ്കിലും പല പൊസിഷനിലും കളിക്കാൻ കഴിയുമെന്നതാണ് അൽവാരസിനെ വ്യത്യസ്‌തനാക്കുന്നത്. അൽവാരസിന്റെ ഈ പ്രകടനം കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി ഒരുങ്ങുന്ന അർജന്റീന ടീമിനും കരുത്ത് നൽകുന്നു. ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരത്തിന് കോപ്പ അമേരിക്കയിലും അതിനു കഴിയുമെന്നുറപ്പാണ്.

Julian Alvarez Goal And Assist In Champions League