പിഎസ്‌ജിക്കെതിരെ ഗോളടിച്ച ശേഷം നെയ്‌മർ സെലിബ്രെഷൻ, ബാഴ്‌സയുടെ പോസ്റ്റിൽ ബ്രസീലിയൻ സുൽത്താന്റെ കമന്റും | Raphinha

ബാഴ്‌സലോണ ആരാധകർക്ക് സന്തോഷരാത്രിയായിരുന്നു ഇന്നലത്തേത്. ലയണൽ മെസി ടീം വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ മോശം പ്രകടനം നടത്തിയിരുന്ന ടീം അതിനു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിച്ചപ്പോൾ പിഎസ്‌ജിയെ അവരുടെ മൈതാനത്ത് കീഴടക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ പിഎസ്‌ജിയെ കീഴടക്കിയത്.

ഒരുപാട് പ്രതിസന്ധികളുടെ ഇടയിലൂടെ പോകുന്ന ടീമാണ് ബാഴ്‌സലോണ. സാമ്പത്തികപ്രതിസന്ധി കാരണം ഉദ്ദേശിച്ച താരങ്ങളെയൊന്നും ടീമിലെത്തിക്കാൻ കഴിയാത്ത അവർ ഫ്രീ ഏജന്റായ താരങ്ങളെയും അക്കാദമി താരങ്ങളെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. എങ്കിലും സാവിയുടെ കീഴിൽ മികച്ചൊരു കുതിപ്പ് നേടാൻ അവർക്ക് കഴിയുന്നുവെന്ന് ഈ വിജയം വ്യക്തമാക്കുന്നു.

ഇന്നലത്തെ മത്സരത്തിന് ശേഷമുണ്ടായ രസകരമായ സംഭവം ബാഴ്‌സലോണയുടെ പോസ്റ്റിൽ ബ്രസീലിയൻ താരമായ നെയ്‌മർ ഇട്ട കമന്റാണ്. ഇന്നലത്തെ മത്സരത്തിൽ ബാഴ്‌സലോണയുടെ രണ്ടു ഗോളുകൾ നേടിയത് ബ്രസീലിയൻ താരം റാഫിന്യ ആയിരുന്നു. ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ആദ്യമായി ഗോൾ നേടുന്ന താരം തന്നെയായിരുന്നു ഇന്നലെ മാൻ ഓഫ് ദി മാച്ചും.

ഗോൾ നേടിയതിനു ശേഷം റാഫിന്യ അത് ആഘോഷിച്ചത് നെയ്‌മർ ഗോൾ ആഘോഷിക്കുന്ന രീതിയിലായിരുന്നു. ഗോളിന് ശേഷം ആ ചിത്രം ബാഴ്‌സലോണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിലാണ് നെയ്‌മർ അർത്ഥം വെച്ചുള്ള ഇമോജികൾ ഇട്ടിരിക്കുന്നത്. റാഫിന്യയുടെ സെലിബ്രെഷൻ എന്ത് ഉദ്ദേശത്തിലാണോ, അത് നെയ്‌മർ മനസിലാക്കിയെന്നർത്ഥം.

ആ സെലിബ്രെഷൻ റാഫിന്യയെക്കൊണ്ട് നെയ്‌മർ പറഞ്ഞു ചെയ്യിച്ചതാണെങ്കിൽ പോലും അത്ഭുതമില്ല. പരിക്കുകൾ വേട്ടയാടിയ കരിയറാണെങ്കിലും പിഎസ്‌ജിക്കായി കളത്തിലിറങ്ങുമ്പോഴെല്ലാം നെയ്‌മർ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ പിഎസ്‌ജി ആരാധകർ താരത്തെ ക്രൂരമായാണ് വിമർശിച്ചിരുന്നത്‌. അതുകൊണ്ടു തന്നെ പിഎസ്‌ജിയുടെ തോൽ‌വിയിൽ താരം സന്തോഷിക്കുന്നുണ്ടാകും എന്നുറപ്പാണ്.

Raphinha Hit Neymar Celebration Against PSG