എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു, പ്ലേഓഫ് കേരള ബ്ലാസ്റ്റേഴ്‌സിന് പരീക്ഷണം തന്നെയായിരിക്കും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനിയൊരു മത്സരം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനുള്ളത്. ഹൈദരാബാദ് എഫ്‌സിക്കെതിരെ നടക്കുന്ന ആ മത്സരത്തിന് ശേഷം പ്ലേ ഓഫ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും പ്ലേ ഓഫിൽ ടീം മികച്ച പോരാട്ടം നടത്തുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്.

എന്നാൽ പ്ലേ ഓഫ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ടതുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് മുന്നേറ്റനിരയെയാണ്. കാരണം മുന്നേറ്റനിര താരങ്ങളാണ് പരിക്കേറ്റു പുറത്തു പോയവരിൽ കൂടുതലും. ഇത് ടീമിന്റെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുമെന്നത് ഗൗരവപൂർവം കണക്കിലെടുക്കേണ്ട കാര്യമാണ്.

അഡ്രിയാൻ ലൂണ, പെപ്ര എന്നീ താരങ്ങൾ പരിക്കേറ്റു പുറത്തു പോയപ്പോൾ ഫെഡോർ ചെർണിച്ച്, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ദിമിത്രിയോസ് ഈ സീസൺ മുഴുവൻ മികച്ച പ്രകടനം നടത്തിയ താരമാണ്. ഫെഡോർ, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവർ ടീമുമായി ഇണങ്ങിച്ചേരുന്ന സമയത്താണ് പരിക്കേറ്റു ജസ്റ്റിൻ പുറത്തു പോകുന്നത്. താരം ഈ സീസണിൽ കളിച്ചേക്കില്ല.

അതിനിടയിൽ ലൂണ തിരിച്ചു വരുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അപ്പോഴേക്കും ദിമിത്രിയോസ് പരിക്കേറ്റു പുറത്തു പോയി, താരം പ്ലേ ഓഫ് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ദിമിയും ലൂണയും നേരത്തെ ഒരുമിച്ചു കളിച്ച താരങ്ങളായതിനാൽ ഒത്തിണക്കമുണ്ട്. എന്നാൽ ദിമി പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിൽ ഇതുവരെ ഒരുമിച്ച് കളിക്കാത്ത ഫെഡോറുമായി ലൂണ ഇണങ്ങിച്ചേരേണ്ടതുണ്ട്.

ദിമി പ്ലേ ഓഫിൽ കളിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത കൂടുതൽ മങ്ങും. കാരണം ഫെഡോറുമായി ഒത്തിണങ്ങി കളിക്കാൻ ലൂണക്ക് കഴിയുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. രണ്ടു താരങ്ങൾക്കും പരിചയസമ്പത്തുണ്ട് എന്നതിനാൽ തന്നെ അതിനെ ചിലപ്പോൾ മറികടക്കാൻ കഴിഞ്ഞേക്കും. അങ്ങിനെ സംഭവിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയുള്ളൂ.

Kerala Blasters Likely To Suffer In Play Offs