മെസിയെ ഓർമിപ്പിക്കുന്ന ഗോളിൽ റയൽ മാഡ്രിഡിനു വിജയം, റഫറിമാർ നൽകിയ വിജയമെന്ന് ആരോപണം | Real Madrid

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നലെ ആരംഭിച്ചപ്പോൾ ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനെതിരെ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി. ലീപ്‌സിഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ബ്രഹിം ഡയസാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ രണ്ടാം പകുതിയിൽ നേടിയത്.

അവിശ്വസനീയമായ ഒരു ഗോളാണ് ബ്രഹിം ഡയസ് റയൽ മാഡ്രിഡിന് വിജയം നൽകാൻ നേടിയത്. വിങ്ങിൽ നിന്നും മുന്നേറി വന്ന താരം ഏതാനും ലീപ്‌സിഗ് പ്രതിരോധതാരങ്ങളെ മറികടന്നതിനു ശേഷം ബോക്‌സിന്റെ എഡ്‌ജിൽ നിന്നും ഷോട്ടുതിർക്കുകയായിരുന്നു. ലയണൽ മെസിയുടെ മുന്നേറ്റത്തെയും ഷോട്ടിനെയും ഓർമിപ്പിക്കുന്ന രീതിയിലാണ് ഡയസ് വിജയഗോൾ നേടിയത്.

അതേസമയം മത്സരത്തിന് പിന്നാലെ വിവാദവും ഉയരുന്നുണ്ട്. മത്സരത്തിൽ ആർബി ലീപ്‌സിഗ് ഒരു ഗോൾ നേടിയിരുന്നു. എന്നാൽ വീഡിയോ റഫറി ഇടപെട്ട് ഗോൾ അനുവദിച്ചില്ല. ഗോൾ നേടിയ ബെഞ്ചമിൻ സിസ്കോ ഓഫ്‌സൈഡ് ആയിരുന്നുവെന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ താരത്തിന്റെ പിന്നിൽ റോഡ്രിഗോ ഉണ്ടായിരുന്നുവെന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

അതേസമയം റയൽ മാഡ്രിഡിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കാര്യമാണ്. ആ ഗോളിലേക്ക് വഴി തുറന്ന പാസ് വരുന്ന സമയത്ത് ഒരു ലീപ്‌സിഗ് താരം റയൽ മാഡ്രിഡ് ഗോൾകീപ്പർ ലുനിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതാണ് ഗോൾ നിഷേധിക്കാനുള്ള കാരണമായി അവർ പറയുന്നത്. എന്നാൽ അങ്ങിനെയെങ്കിൽ ഫൗൾ അല്ലെ നൽകേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇതിനു മുൻപ് വിമെൻസ് ചാമ്പ്യൻസ് ലീഗിലും വീഡിയോ റഫറി റയൽ മാഡ്രിഡിന് അനുകൂലമായ തീരുമാനമെടുത്തത് പലരും ചൂണ്ടിക്കാട്ടുന്നു. ചെൽസി താരം നിയാം ചാൾസ് നേടിയ ഗോൾ ഓഫ്‌സൈഡ് ആയിരുന്നുവെന്നാണ് വിലയിരുത്തിയതെങ്കിലും താരം ഓൺസൈഡ് ആണെന്ന് വ്യക്തമായിരുന്നു. ഇതോടെ വീഡിയോ റഫറിയിങ്ങിന്റെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Real Madrid Goal Against Leipzig Questioned