ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനുള്ള സാധ്യത ഇങ്ങിനെയാണ്‌, ഇവാൻ മാജിക്ക് കാണാനാകുമോ | Kerala Blasters

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾക്ക് കൂടുതൽ തിരിച്ചടി ലഭിച്ചിരുന്നു. സീസണിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ മോശം ഫോമിലേക്ക് വീണതോടെ ടീമിന്റെ പ്രതീക്ഷകൾ ഇല്ലാതാവുകയും ആരാധകർ നിരാശയിലേക്ക് വീഴുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് ഷീൽഡ് സ്വന്തമാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നതാണ് വാസ്‌തവം. അതിനായി ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രം പോരാ, മറിച്ച് എതിർടീമിന്റെ മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്യണം. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത കുറവാണെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകൾ എങ്ങിനെയാണെന്ന് ഒന്നു പരിശോധിക്കാം.

നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ബാക്കിയുള്ള അഞ്ചു മത്സരങ്ങളും വിജയിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടു മുൻപിൽ നിൽക്കുന്ന എഫ്‌സി ഗോവ ഒരു മത്സരത്തിലെങ്കിലും തോൽക്കണം. അവർ മൂന്നു പോയിന്റ് നഷ്‌ടപ്പെടുത്തിയാലേ ബ്ലാസ്റ്റേഴ്‌സിന് അവർക്ക് മുന്നിലെത്താൻ കഴിയുകയുള്ളൂ.

മൂന്നാം സ്ഥാനത്തു നിൽക്കുന്ന മോഹൻ ബഗാൻ ഇനി കളിക്കാനുള്ള ആറു മത്സരങ്ങളിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിന് പുറമെ നാല് പോയിന്റ് എങ്കിലും ഡ്രോപ്പ് ചെയ്യണം. ഇതിനു പുറമെ മുംബൈ സിറ്റി ആറു പോയിന്റ് നഷ്‌ടപ്പെടുത്തുകയും ഒന്നാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സി നാല് പോയിന്റ് നഷ്‌ടപ്പെടുത്തുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന് ഷീൽഡ് സ്വന്തമാക്കാൻ അവസരമുണ്ട്.

ഈ ടീമുകളുടെ ഫോം പരിഗണിക്കുമ്പോൾ ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും തീർത്തും അസാധ്യമായ കാര്യമല്ല. കാരണം ആറാം സ്ഥാനത്തിന് വേണ്ടി ഗംഭീര പോരാട്ടം നടക്കുന്നതിനാൽ പോയിന്റ് ടേബിളിൽ അവസാനം കിടക്കുന്ന ടീമുകൾ വരെ കടുത്ത മത്സരം കാഴ്‌ച വെക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടുകയെന്നതാണ് പ്രധാന ലക്‌ഷ്യം.

Kerala Blasters Can Win The ISL Shield