പാരീസിൽ തുടരാനാവില്ല, ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമെടുത്ത് ലയണൽ മെസി

ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസി ആരാധകർ കാത്തിരുന്നത് മെസിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കായിരുന്നു. ലോകകപ്പിന് പിന്നാലെ തന്നെ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇതുവരെയും അതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ആയിട്ടില്ല. മെസിയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടന്ന് പിഎസ്‌ജി നേതൃത്വം വ്യക്തമാക്കുമ്പോഴും അതെന്തു കൊണ്ട് യാഥാർഥ്യമാകുന്നില്ലെന്ന ചോദ്യം ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്.

അതിനിടയിൽ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. നിലവിൽ പുറത്തു വരുന്ന വാർത്തകളും താരം കരാർ പുതുക്കാനുള്ള സാധ്യത മങ്ങുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിഎസ്‌ജിയിൽ തുടർന്നതു കൊണ്ട് കരിയറിനു യാതൊരു കാര്യവുമില്ലെന്നാണ് മെസി കരുതുന്നതെന്നും താരം ക്ലബ് വിടാനുള്ള തീരുമാനത്തിലേക്കാണ് പോകുന്നതെന്നും ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പുറത്തു വിടുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

പാരീസ് വിട്ടാൽ ലയണൽ മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്കാണ്. ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ആഗ്രഹം മെസിക്കുമുണ്ട്. ഇതിനു പുറമെ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ കഴിയുന്ന കാര്യവും മെസിയുടെ പരിഗണനയിലുണ്ട്.

ഇന്റർ മിയാമിയിലേക്കാണ് ചേക്കേറുന്നതെങ്കിൽ റൊണാൾഡോയുടെ പാത പിന്തുടർന്ന് മെസി യൂറോപ്യൻ ഫുട്ബോൾ വിടുന്ന സാഹചര്യമാണ് ഉണ്ടാവുക. താരം അമേരിക്കയിൽ എത്തിയാൽ അത് മേജർ ലീഗ് സോക്കറിന് ഗുണം ചെയ്യുമെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ മെസിയില്ലാത്തത് ആരാധകർക്ക് വലിയ നിരാശ ആയിരിക്കും. അതേസമയം ബാഴ്‌സലോണയിലേക്ക് താരം തിരിച്ചു വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ക്ലബിന്റെ സാമ്പത്തികപ്രതിസന്ധി അതിനു വിലങ്ങുതടിയാകാനാണ് സാധ്യത.