ഇതൊക്കെയാണ് തിരിച്ചുവരവ്, ബ്രസീൽ ടീമിലേക്ക് ഒരു അപ്രതീക്ഷിത എൻട്രി | Brazil

ജൂണിൽ നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം കഴിഞ്ഞ ദിവസം സീനിയർ ടീമിന്റെ താൽക്കാലിക പരിശീലകനും അണ്ടർ 20 ടീമിന്റെ പരിശീലകനുമായ റാമോൺ മെനസസ് പ്രഖ്യാപിച്ചു. ഗിനിയക്കെതിരെ ജൂൺ പതിനേഴിനും സെനഗലിനെതിരെ ജൂൺ ഇരുപത്തിനുമാണ് ബ്രസീൽ ടീം മത്സരങ്ങൾ കളിക്കുന്നത്. ആദ്യത്തെ മത്സരം സ്പെയിനിലെ ബാഴ്‌സലോണയിലും രണ്ടാമത്തെ മത്സരം പോർചുഗലിലെ ലിസ്ബണിലും വെച്ചാണ് നടക്കുക.

നെയ്‌മർ, മാർട്ടിനെല്ലി തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം പുറത്തായ ടീമിൽ റയൽ മാഡ്രിഡിന്റെ ത്രിമൂർത്തികളായ വിനീഷ്യസ്, റോഡ്രിഗോ, എഡർ മിലീറ്റാവോ തുടങ്ങിയവർ ഇടം നേടിയിട്ടുണ്ട്. ടീമിലെത്തിയ സർപ്രൈസ് എൻട്രി നിലവിൽ റഷ്യൻ ക്ലബായ സെനിത്തിൽ കളിക്കുന്ന മാൽക്കമാണ്. ബാഴ്‌സലോണയിൽ അവസരങ്ങളില്ലാതെ ഏതാനും സീസണുകൾക്ക് മുൻപ് ഒഴിവാക്കപ്പെട്ട താരം റഷ്യൻ ലീഗിൽ നടത്തുന്ന മികച്ച പ്രകടനമാണ് ബ്രസീൽ ടീമിൽ സ്ഥാനം ലഭിക്കാൻ ഇടയാക്കിയത്.

ന്യൂകാസിൽ യുണൈറ്റഡ് താരമായ ജോലിന്റൺ ഉൾപ്പെടെ അഞ്ചു പുതുമുഖങ്ങൾ ടീമിലുണ്ട്. ഫുൾ ബാക്കുകളായ വൻഡേഴ്‌സൺ,അയർട്ടൻ ലൂക്കാസ്, ഡിഫൻഡർ നിനോ, സ്‌ട്രൈക്കറായ മാൽക്കം എന്നിവർ ടീമിലെ പുതുമുഖങ്ങളാണ്. ലോകകപ്പിലേയും അതിനു ശേഷം മൊറോക്കോക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലെയും തിരിച്ചടികളിൽ നിന്നും മടങ്ങി വരാനൊരുങ്ങുന്ന ബ്രസീൽ ടീമിന് വളരെ നിർണായകമാണ് വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾ.

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവർട്ടൺ. ഡിഫൻഡർമാർ: ഇബാനെസ്, എഡർ മിലിറ്റാവോ, മാക്വിനോസ്, നിനോ, ഡാനിലോ, വൻഡേഴ്‌സൺ, അലക്സ് ടെല്ലസ്, അയർട്ടൺ ലൂക്കാസ്. മിഡ്‌ഫീൽഡർമാർ: ആന്ദ്രെ, ഗുമിയാറെസ്, കാസെമിറോ, ജോലിന്റൺ. ഫോർവേഡുകൾ: പാക്വെറ്റ, മാൽക്കം, പെഡ്രോ, റാഫേൽ വീഗ, റിച്ചാർലിസൺ, റോഡ്രിഗോ, റോണി, വിനീഷ്യസ് ജൂനിയർ

Brazil Announce Squad For Upcoming Friendlies