ഫ്രഞ്ച് ലീഗ് അവാർഡ് ദാനച്ചടങ് ഒഴിവാക്കി മെസി ബാഴ്‌സലോണയിൽ, താരത്തിനായി ആർത്തു വിളിച്ച് ആരാധകർ | Lionel Messi

ഫ്രഞ്ച് ലീഗിലെ മികച്ച താരങ്ങൾക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് ഒഴിവാക്കി ലയണൽ മെസി പോയത് ബാഴ്‌സലോണയിലേക്ക്. ബാഴ്‌സലോണയിൽ വെച്ച് നടന്ന കോൾഡ്പ്ലേ മ്യൂസിക്ക് കൺസേർട്ടിലാണ് താരം പങ്കെടുത്തത്. ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീമിൽ ഉൾപ്പെട്ട അർജന്റീന താരം അതൊഴിവാക്കിയാണ് ബാഴ്‌സലോണയിൽ എത്തിയത്. ആരെയും അറിയിക്കാതെയാണ് എത്തിയതെങ്കിലും ആരാധകർ ആവേശത്തോടെയാണ് താരത്തെ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം സ്‌ട്രോസ്‌ബർഗിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് പോയത്. മത്സരത്തിൽ പിഎസ്‌ജിക്ക് സമനില നേടിക്കൊടുക്കാൻ കാരണമായ ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. ഈ സമനിലയോടെ ഫ്രഞ്ച് ലീഗ് കിരീടം പിഎസ്‌ജി ഉറപ്പിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ലീഗിലെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള പുരസ്‌കാര ചടങ്ങ് നടന്നത്. എന്നാൽ മെസി അതിൽ പങ്കെടുക്കാതെ ഫ്രാൻസ് വിട്ടു

സ്പെയിനിൽ ഈ വർഷം നടന്ന ഏറ്റവും വലിയ മ്യൂസിക്ക് ഇവന്റുകളിൽ ഒന്നായിരുന്നു കോൾഡ്പ്ലേ കൺസേർട്ട്. ആരെയും അറിയിക്കാതെയാണ് മെസി പരിപാടിക്ക് എത്തിയതെങ്കിലും ആരാധകർ സ്റ്റേഡിയത്തിൽ താരത്തിന്റെ സാന്നിധ്യം മനസിലാക്കി. ഇതോടെ ‘മെസി, മെസി’ വിളികൾ കൊണ്ട് സ്റ്റേഡിയം മുഖരിതമായി. ബാഴ്‌സലോണയുടെ സ്റ്റേഡിയമായ ക്യാമ്പ് ന്യൂവിൽ എങ്ങിനെയാണോ ആരാധകർ ചാന്റ് ചെയ്യുക, അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്.

ലയണൽ മെസിയോടുള്ള ബാഴ്‌സലോണ ആരാധകരുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ട സംഭവം കൂടിയായിരുന്നു അത്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകൾ ശക്തമായി നിലനിൽക്കുന്നുണ്ട്. താരത്തിനു തിരിച്ചു വരാൻ ആവേശം നൽകുന്ന കാര്യം തന്നെയാണ് ബാഴ്‌സലോണയിലെ പരിപാടിക്കിടയിൽ സംഭവിച്ചതും.

Lionel Messi Attended Coldplay Concert In Barcelona