അർജന്റീനയുടെ വിജയക്കുതിപ്പവസാനിപ്പിക്കാൻ ബ്രസീൽ വജ്രായുധം പുറത്തെടുക്കുന്നു, സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ | Brazil

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ വരാനിരിക്കുന്നത്. 2021 നവംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം പിന്നീട് ഒരിക്കൽപ്പോലും മുഖാമുഖം വന്നിട്ടിലാത്ത ലാറ്റിനമേരിക്കയിലെ പ്രധാന ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള പോരാട്ടം ഇത്തവണ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ നടക്കുന്നുണ്ട്. രണ്ടു ടീമുകളുടെയും ആരാധകർ വളരെ ആവേശത്തോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം അവിശ്വസനീയമായ വിജയക്കുതിപ്പുമായാണ് അർജന്റീന വരുന്നത്. ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീടിത് വരെ ഒരു മത്സരത്തിൽ പോലും അർജന്റീന തോറ്റിട്ടില്ല. ഖത്തർ ലോകകപ്പിന് ശേഷം നടന്ന മത്സരങ്ങളിൽ അവർ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ ബ്രസീലിനെ സംബന്ധിച്ച് അർജന്റീനയുടെ ഈ കുതിപ്പ് അവസാനിപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ബ്രസീലിന്റെ താൽക്കാലിക പരിശീലകനായ ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിക്കുകയുണ്ടായി. സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്തിരിക്കുന്ന സാഹചര്യത്തിലും മികച്ചൊരു സ്‌ക്വാഡിനെ തന്നെയാണ് ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീലിലെ പുതിയ പ്രതിഭയായ പതിനേഴുകാരനായ എൻഡ്രിക്ക് ആണ് ടീമിലെത്തിയിരിക്കുന്ന പുതുമുഖം. പാൽമീറാസ് താരമായ എൻഡ്രിക്ക് പതിനെട്ടു വയസായാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കരാറിലെത്തിയിരിക്കുന്ന താരമാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മൂന്നു ഗോളുകളും ഈ സീസണിൽ 11 ഗോളുകളും നേടിയിട്ടുള്ള എൻഡ്രിക്കിനു പുറമെ എഫ്‌സി പോർട്ടോ താരമായ പെപ്പെ, ബ്രൈറ്റൻ താരമായ ജോവോ പെഡ്രോ എന്നിവരും ടീമിലേക്ക് വന്നിട്ടുള്ള പുതുമുഖങ്ങളാണ്. അതിനു പുറമെ അലിസൺ, എഡേഴ്‌സൺ, മാർക്വിന്യോസ്, ബ്രൂണോ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, റാഫിന്യ, മാർട്ടിനെല്ലി തുടങ്ങിയ താരങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ബ്രസീൽ അതിനെ മറികടക്കാനാണ് ഇറങ്ങുന്നത്.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ).

ഡിഫൻഡർമാർ: എമേഴ്‌സൺ റോയൽ (ടോട്ടൻഹാം), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), റെനാൻ ലോഡി (ഒളിമ്പിക് മാർസെ), ബ്രെമർ (യുവന്റസ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), നിനോ (ഫ്ലൂമിനൻസ്), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ).

മിഡ്‌ഫീൽഡർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്), റോഡ്രിഗോ (റിയൽ മാഡ്രിഡ്).

ഫോർവേഡുകൾ: എൻഡ്രിക്ക് (പാൽമീറസ്), ഗബ്രിയേൽ ജീസസ് (ആഴ്‌സണൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), ജോവോ പെഡ്രോ (ബ്രൈറ്റൺ), പൗളീഞ്ഞോ (അറ്റ്ലറ്റിക്കോ മിനെറോ), പെപെ (പോർട്ടോ), റാഫിൻഹ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).

Brazil Announce Squad For World Cup Qualifiers