ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ കേരളത്തെ തൊടാൻ പോലുമാകുന്നില്ല, ഐ ലീഗ് അറ്റന്റൻസിന്റെ കണക്കിലും സർവാധിപത്യം | Gokulam Kerala

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ ഫുട്ബാൾ പ്രേമം ശരിക്കും വലിയ രീതിയിൽ ചർച്ചയാകുന്നത്. അതിനു മുൻപ് ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകളെ ഏറ്റവും മികച്ച രീതിയിൽ വരവേൽക്കാൻ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ശ്രദ്ധിച്ചിരുന്നുവെന്നതും യൂറോപ്യൻ ലീഗുകൾക്ക് വരെ ഇവിടെ വലിയ ഫാൻബേസ് ഉണ്ടെന്നതും ഒരിക്കലും തള്ളിക്കളയാൻ കഴിയാത്ത കാര്യമാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് എത്തിയതോടെ അതിനു മറ്റൊരു തലം കൈവന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സംഘടിതമായ ശക്തിയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമായി അറിയപ്പെടുന്ന അവർ ടീമിന് നൽകുന്ന പിന്തുണ അവിശ്വസനീയമായ രീതിയിലാണ്. അതുകൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുകയെന്നത് പല താരങ്ങളുടെയും സ്വപ്‌നമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾക്ക് ഏറ്റവുമധികം ആരാധകർ എത്തുന്നതും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്കാണ്.

കേരളത്തിന്റെ ഫുട്ബോൾ പ്രേമം എത്ര വലുതാണെന്നു വ്യക്തമാക്കുന്നതാണ് ഐ ലീഗിലെ അറ്റന്റൻസ് കണക്കുകൾ. കഴിഞ്ഞ ദിവസം ഐ ലീഗിലെ ആദ്യത്തെ മാച്ച് വീക്കിലെ കാണികളുടെ എണ്ണം പുറത്തു വന്നപ്പോൾ എതിരാളികൾക്ക് തൊടാൻ കഴിയാത്ത അകലത്തിലാണ് ഗോകുലം കേരള നിൽക്കുന്നത്. കോഴിക്കോട് വെച്ചു നടന്ന മത്സരത്തിന് 19764 പേരാണ് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദൻസിന്റെ മൈതാനത്ത് 4900 പേരും മൂന്നാം സ്ഥാനത്തുള്ള റിയൽ കാശ്‌മീർ എഫ്‌സിയുടെ മൈതാനത്ത് 1872ഉം പേരാണ് എത്തിയതെന്ന് അറിയുമ്പോഴാണ് ഗോകുലത്തിന്റെ ആധിപത്യം എത്രയുണ്ടെന്ന് വ്യക്തമാവുക.

ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലാണെങ്കിലും പല സമയത്തും അതിനെ വെല്ലുന്ന അറ്റന്റൻസ് മറ്റു ക്ലബുകളുടെ മത്സരങ്ങൾക്ക് ഉണ്ടാകാറുണ്ട്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിൽ മത്സരം നടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്തു വരുന്നതിനേക്കാൾ ആരാധകർ എത്താറുണ്ട്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് ഇക്കാര്യത്തിൽ എതിരാളികൾ ഉണ്ടെങ്കിൽ ഐ ലീഗിൽ ഗോകുലം കേരളയുടെ അപ്രമാദിത്വം തന്നെയാണ് കാണാനാകുന്നത്.

ഐ ലീഗ് കിരീടം നേടിയാൽ ഐഎസ്എല്ലിന് യോഗ്യത നേടാൻ കഴിയുമെന്നിരിക്കെ ഇത്തവണ മികച്ച ടീമുമായാണ് ഗോകുലം കേരള ഇറങ്ങിയിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ അവർ ഇന്റർ കാശിയോട് ദൗർഭാഗ്യം കൊണ്ട് സമനില വഴങ്ങിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മികച്ച വിജയം നേടിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ നെറോക്കയെ തകർത്തത്. കൂടുതൽ മികച്ച പ്രകടനം നടത്തി ഐ ലീഗിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള.

Gokulam Kerala Tops In I League Attendance