റയലും ബാഴ്‌സയുമടക്കമുള്ള വൻമരങ്ങൾ വീഴുമോ, ലാ ലിഗയിലെ ലൈസ്റ്റർ സിറ്റിയാകാൻ ജിറോണ എഫ്‌സി | Girona FC

നിലവിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിലാണ് കളിക്കുന്നതെങ്കിലും ഐതിഹാസികമായ ഒരു ചരിത്രം ലൈസ്റ്റർ സിറ്റിക്ക് അവകാശപ്പെടാനുണ്ട്. 2013-14 സീസണിൽ ചാമ്പ്യൻഷിപ്പ് ജേതാക്കളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ലൈസ്റ്റർ സിറ്റി ഒരു സീസൺ കൂടി കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായി മാറിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ചെൽസിതുടങ്ങിയ ക്ലബുകളെ പിന്നിലാക്കിയാണ് 2015-16 സീസണിൽ ലൈസ്റ്റർ സിറ്റി ചരിത്രം കുറിച്ചത്.

പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടി രണ്ടാമത്തെ സീസണിൽ തന്നെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകാൻ കഴിഞ്ഞ ലൈസ്റ്റർ സിറ്റിയുടെ ചരിത്രം ലാ ലീഗയിൽ ആവർത്തിക്കാനുള്ള ശ്രമത്തിലാണ് കാറ്റലോണിയ മേഖലയിൽ നിന്നുള്ള ക്ലബായ ജിറോണ എഫ്‌സി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയോ വയ്യക്കാനോയും റയൽ മാഡ്രിഡും സമനിലയിൽ പിരിഞ്ഞതോടെ പന്ത്രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജിറോണ എഫ്‌സിയുടെ കുതിപ്പ് ഏവർക്കും അത്ഭുതം തന്നെയാണ്.

ലീഗിൽ പന്ത്രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പത്ത് വിജയവും ഒരു തോൽവിയും ഒരു സമനിലയും നേടിയാണ് മുപ്പത്തിയൊന്നു പോയിന്റുമായി ജിറോണ എഫ്‌സി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അത്രയും മത്സരങ്ങൾ കളിച്ച് ഇരുപത്തിയൊമ്പത് പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇരുപത്തിയേഴു പോയിന്റുമായി ബാഴ്‌സലോണ മൂന്നാമതാണ്. ലീഗിൽ റയൽ സോസിഡാഡിനെതിരെ സമനിലയോടെ തുടങ്ങിയ ജിറോണ പിന്നീട് റയലിനെതിരെ തോൽവി വഴങ്ങിയതൊഴിച്ചാൽ ബാക്കി എല്ലാ മത്സരത്തിലും വിജയം സ്വന്തമാക്കി.

ഹ്യുയസ്‌കയിൽ നിന്നും 2021ൽ എത്തിയ മൈക്കൽ ആണ് ജിറോണ എഫ്‌സിയുടെ പരിശീലകൻ. വളരെ മികച്ച ഫുട്ബോൾ കളിക്കുന്ന ജിറോണ എഫ്‌സി തന്നെയാണ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമെന്നതും എടുത്തു പറയേണ്ടതാണ്. ആറു ഗോളുകളും നാല് അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കിയ യുക്രൈൻ താരം ഡൗബിക്, മൂന്നു ഗോളും നാല് അസിസ്റ്റും സ്വന്തമാക്കിയ സ്‌പാനിഷ്‌ താരം അലക്‌സ് ഗാർസിയ, ബ്രസീലിയൻ യുവതാരം സാവിയോ എന്നിവരാണ് ജിറോണയുടെ കുതിപ്പിന് പിന്നിലെ ചാലകശക്തികൾ.

കഴിഞ്ഞ സീസണിലാണ് ജിറോനാ ഒരിടവേളക്ക് ശേഷം ലാ ലീഗയിലേക്ക് വീണ്ടുമെത്തുന്നത്. രണ്ടാം ഡിവിഷനിൽ ആറാം സ്ഥാനത്തായിരുന്ന അവർ പ്ലേ ഓഫിലൂടെയാണ് ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടിയെടുത്തത്. ഒരു സീസൺ പിന്നിട്ടപ്പോഴേക്കും ലീഗിലെ വമ്പന്മാരെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയുന്ന അവരുടെ കുതിപ്പ് നിസാരമാക്കി കരുതാൻ കഴിയില്ല. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അവർ ലൈസ്റ്റർ സിറ്റിയെപ്പോലെ മറ്റൊരു ചരിത്രം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Girona FC Remains Top In La Liga