കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോളിന്റെ ലാ മാസിയ, മറ്റൊരു ഐഎസ്എൽ ക്ലബിനും ഇങ്ങനൊരു നേട്ടം അവകാശപ്പെടാനുണ്ടാകില്ല | Kerala Blasters

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമികളിൽ ഒന്നായി അറിയപ്പെടുന്നതാണ് സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയ. ലയണൽ മെസി, സാവി, ഇനിയേസ്റ്റ, ബുസ്‌ക്വറ്റ്സ്, ഗാവി തുടങ്ങി നിരവധി പ്രഗത്ഭരായ താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞ അക്കാദമിയാണ് ലാ മാസിയ. അക്കാദമിയിലൂടെ വളർന്നു വന്ന ഈ താരങ്ങളെല്ലാം ക്ലബിന് വേണ്ടി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആദ്യ ഇലവനിലെ മുഴുവൻ താരങ്ങളെയും അക്കാദമിയിൽ നിന്നും അണിനിരത്തിയ ചരിത്രവും ബാഴ്‌സക്കുണ്ട്.

ലോകഫുട്ബോളിലെ ഏറ്റവും മികച്ച അക്കാദമികളിലൊന്ന് ലാ മാസിയ ആണെങ്കിൽ ഇന്ത്യൻ ഫുട്ബോളിലെ മികച്ച അക്കാദമിയായി കേരള ബ്ലാസ്റ്റേഴ്‌സ് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്കാക്കേണ്ടത്. ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരങ്ങളെ നോക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ കരുത്ത് മനസിലാകും. മത്സരം അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ടീമിലെത്തിയ നാല് താരങ്ങളാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്.

ആദ്യ ഇലവനിൽ കളത്തിലിറങ്ങിയ സച്ചിൻ സുരേഷ്, വിബിൻ മോഹനൻ എന്നിവർക്ക് പുറമെ പകരക്കാരായി ഇറങ്ങിയ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ എന്നീ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്നവർ. ഇതിൽ സച്ചിൻ സുരേഷ് ഗോൾവലക്ക് കീഴിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും താരം പെനാൽറ്റികൾ രക്ഷപ്പെടുത്തിയിരുന്നു. ആദ്യ ഇലവനിൽ ഉണ്ടായിരുന്ന മറ്റൊരു താരമായ വിബിൻ മോഹനനും ഐമൻ, അസ്ഹർ എന്നിവരും ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനു പുറമെ മറ്റൊരു അക്കാദമി താരം നിഹാൽ സുധീഷും സ്‌ക്വാഡിലുണ്ട്.

ഈ സീസണിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പറഞ്ഞ വാക്കുകളെ ശരി വെക്കുന്നതാണ് ഇതെല്ലാം. ടീമിലെ പ്രധാന താരങ്ങളിൽ പലരെയും നഷ്ടമായപ്പോൾ അതിനു പകരം വെക്കാൻ കഴിയുന്ന മികച്ച യുവതാരങ്ങൾ ടീമിലുണ്ടെന്നും അവർക്ക് അവസരം നൽകാൻ മടിയില്ലെന്നും ഇവാൻ പറഞ്ഞിരുന്നു. ആ വാക്കുകൾ പ്രാവർത്തികമാക്കുന്നതിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച കൂടിയാണ് ഇവാൻ വുകോമനോവിച്ച് ലക്ഷ്യമിടുന്നത്.

പരിക്കും വിലക്കും കാരണം അക്കാദമി താരങ്ങളെ പലപ്പോഴും മുഴുവനായി ആശ്രയിക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ നാലെണ്ണത്തിലും വിജയം സ്വന്തമാക്കി. പ്രധാന താരങ്ങളിൽ അഞ്ചു പേരെ നഷ്‌ടമായ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പതറാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ രണ്ടു വിജയവും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്.

Kerala Blasters Field Four Academy Players Against EBFC