ഈ രണ്ടു താരങ്ങളും വേറെ റേഞ്ചാണെന്നുറപ്പായി, ഐഎസ്എല്ലിൽ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളിൽ ആദ്യസ്ഥാനങ്ങളിൽ ലൂണയും ഡൈസുകെയും | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയ അഡ്രിയാൻ ലൂണ വളരെ പെട്ടന്നാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിക്കാൻ താരം നിർണായക പങ്കു വഹിച്ചിരുന്നു. അതിനു പിന്നാലെ കൂടെയുള്ള വിദേശതാരങ്ങളെല്ലാം ക്ലബ് വിട്ടപ്പോഴും ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ തന്നെ തുടർന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്ലേ ഓഫ് കളിച്ച ആരാധകരുടെ പ്രിയങ്കരനായ താരം ഈ സീസണിൽ ടീമിന്റെ നായകനുമായി.

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായതിനു ശേഷം അഡ്രിയാൻ ലൂണ കൂടുതൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ മുംബൈ സിറ്റിക്കെതിരായ മത്സരം മാറ്റി നിർത്തിയാൽ ബാക്കിയുള്ള മത്സരങ്ങളിലെല്ലാം ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീസണിൽ മൂന്നു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത താരമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ടോപ് സ്കോററായി നിൽക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിൽ മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് അഡ്രിയാൻ ലൂണയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിച്ച താരം അഡ്രിയാൻ ലൂണയാണ്. ആറു മത്സരങ്ങൾ കളിച്ച താരം പതിനേഴ് അവസരങ്ങളാണ് ലീഗിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്നും പതിനാല് അവസരങ്ങൾ സൃഷ്‌ടിച്ച എഫ്‌സി ഗോവ താരം വിക്റ്റർ റോഡ്രിഗസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

പത്ത് താരങ്ങളെ ഉൾപ്പെടുത്തിയ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും മറ്റൊരു താരം കൂടിയുണ്ട്. ഈ സീസണിനു മുന്നോടിയായി ടീമിലേക്ക് വന്ന ജാപ്പനീസ് താരമായ ഡൈസുകെയാണ് ആറു മത്സരങ്ങളിൽ നിന്നും എട്ട് അവസരങ്ങൾ സൃഷ്‌ടിച്ച് ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ടീമിനായി ആദ്യത്തെ ഗോൾ താരം നേടിയിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സ് വിട്ട സഹൽ അബ്ദുൽ സമദ് ഈ ലിസ്റ്റിൽ ഡൈസുകെക്കും താഴെ പത്താം സ്ഥാനത്താണ് നിൽക്കുന്നത്.

ഈ സീസണിൽ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളിൽ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആദ്യസ്ഥാനങ്ങളിൽ ഉണ്ടെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. നായകനായതിനു ശേഷം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ലൂണ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്നത് കൂടുതൽ സന്തോഷവും നൽകുന്നു. ഇന്ത്യയിൽ ആദ്യത്തെ സീസൺ കളിക്കുന്ന ഡൈസുകെക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇനിയുമൊരുപാട് ചെയ്യാൻ കഴിയുമെന്നു കൂടിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Luna And Daisuke Listed In Most Chances Created Players In ISL