“ഫിഫ എന്ത് നിയമം വേണമെങ്കിലും കൊണ്ടുവരട്ടെ, അർജന്റീനക്കായി ഏറ്റവും മികച്ച പ്രകടനം ഞാൻ നടത്തും”- പെനാൽറ്റി നിയമത്തെക്കുറിച്ച് അർജന്റൈൻ ഗോൾകീപ്പർ | Emiliano Martinez

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനമാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് നടത്തിയത്. ലയണൽ മെസിയെപ്പോലെ തന്നെ ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച താരങ്ങളിൽ ഒരാളായിരുന്നു എമിലിയാനോ മാർട്ടിനസ്. രണ്ടു ഷൂട്ടൗട്ടുകളിൽ എതിരാളികളെ തകർത്തു കളഞ്ഞ സേവുകളുമായി നിറഞ്ഞാടിയ താരം അതിനു പുറമെ നിർണായകമായ പല സേവുകളും നടത്തുകയുണ്ടായി. ഫൈനലിൽ കൊളോ മുവാനി ഷോട്ട് സേവ് ചെയ്‌തത്‌ അതിനൊരു ഉദാഹരണമാണ്.

ലോകകപ്പിൽ ഹീറോ ആയെങ്കിലും ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിനൊരു കാരണം പെനാൽറ്റി ഷൂട്ടൗട്ട് എടുക്കാൻ വരുന്ന താരങ്ങളുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്താൻ വേണ്ടി താരം നടത്തിയ മൈൻഡ് ഗെയിം ആയിരുന്നു. അതൊരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർമാർക്കുള്ള സ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്തി ഫിഫ പുതിയ നിയമങ്ങളും ഇറക്കിയിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും തന്നെയിനി ബാധിക്കില്ലെന്നാണ് എമിലിയാനോ പറയുന്നത്.

“പെനാൽറ്റി കിക്കെടുക്കാൻ വരുന്ന താരങ്ങളുടെ മനസ്സാന്നിധ്യം നഷ്‌ടപെടുത്താൻ ഗോൾകീപ്പർമാർക്ക് കഴിയില്ലെന്ന പുതിയ നിയമത്തെപ്പറ്റി എനിക്ക് തോന്നുന്നത് എന്താണെന്നോ? അത് വളരെ വൈകിപ്പോയി, എല്ലാം കഴിഞ്ഞിരിക്കുന്നു. എനിക്ക് ആഗ്രഹമുള്ളത് ഞാൻ നേടിക്കഴിഞ്ഞു, ഇനി അവർക്ക് വേണ്ടതെന്താണെന്നു വെച്ചാൽ ചെയ്യട്ടെ. അവർ നിയമങ്ങൾ മാറ്റിയാലും അതെന്നെ ബാധിക്കില്ല, ഞാൻ ദേശീയ ടീമിനായി ഏറ്റവും മികച്ച പ്രകടനം തുടരാൻ ശ്രമിക്കും.” കഴിഞ്ഞ ദിവസം എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

2023 ജൂൺ ഒന്നു മുതൽ നിലവിൽ വന്ന നിയമങ്ങൾ പ്രകാരം കിക്കെടുക്കാൻ വരുന്ന താരത്തിന്റെ മനസ്സാന്നിധ്യം നഷ്‌ടപെടുത്തുന്ന യാതൊന്നും ഗോൾകീപ്പർ ചെയ്യാൻ പാടുള്ളതല്ല. പെനാൽറ്റി കിക്കെടുക്കാൻ വരുന്ന താരത്തോട് മൈൻഡ് ഗെയിമിന്റെ ഭാഗമായി സംസാരിക്കുന്നതും പ്രകോപനം സൃഷ്‌ടിക്കുന്നതും മാത്രമല്ല ഫിഫ വിലക്കിയിരിക്കുന്ന കാര്യങ്ങൾ. മറിച്ച് കിക്കെടുക്കുന്ന സമയം വരെ ക്രോസ് ബാറിലോ വലയിലോ ഗോൾപോസ്റ്റിലോ തൊടരുതെന്നു പോലും നിയമം പറയുന്നുണ്ട്.

അതേസമയം ഈ നിയമത്തിനെതിരെ അന്നു തന്നെ എമിലിയാനോ മാർട്ടിനസ് വിമർശനം നടത്തിയിരുന്നു. അതിനു പുറമെ എസി മിലൻറെ ഫ്രഞ്ച് ഗോൾകീപ്പറായ മൈക്ക് മൈഗ്നനും ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. ഇത് പെനാൽറ്റി കിക്കെടുക്കുന്നവരെ മാത്രം സഹായിക്കാൻ വേണ്ടിയുള്ള നിയമമാണെന്നും ഇക്കാര്യത്തിൽ ഫിഫ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അവർ വ്യക്തമാക്കി. ആരാധകരും ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.

Emiliano Martinez On New FIFA Penalty Rule