ബ്രസീലിന്റെ ശുക്രദശ തെളിയുന്നു, ആത്മവിശ്വാസത്തോടെ ഫെഡറേഷൻ | Brazil

കിരീടം നേടാമെന്ന പ്രതീക്ഷയുമായി മികച്ച ടീമുമായി ഖത്തറിൽ എത്തിയ ബ്രസീലിനു പക്ഷെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വമ്പൻ താരങ്ങൾ അണിനിരന്ന ടീമായിട്ടു പോലും ബ്രസീലിനെ അപേക്ഷിച്ച് കരുത്ത് കുറഞ്ഞ ക്രൊയേഷ്യയോട് അവർ ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി പുറത്തു പോയി. പ്രധാന എതിരാളികളായ അർജന്റീന കിരീടം നേടുകയും ചെയ്‌തു.

ഖത്തർ ലോകകപ്പിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. പകരക്കാരനായി ഇതുവരെയും പുതിയ പരിശീലകൻ ബ്രസീൽ ടീമിൽ എത്തിയിട്ടില്ല. ബ്രസീലിൽ നിന്നുള്ള പരിശീലകരെ നിയമിക്കുന്ന സ്ഥിരം ശൈലി മാറ്റി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെ നിയമിക്കാനാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഒരുങ്ങുന്നത്.

നിരവധി പരിശീലകരെ ചേർത്തുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിലൊരു തീരുമാനവും ആയിട്ടില്ല. അതേസമയം നിലവിൽ കാർലോ ആൻസലോട്ടി ടീമിന്റെ പരിശീലകനാകും എന്ന അഭ്യൂഹമാണ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നത്. ഇതെക്കുറിച്ച് ഇറ്റാലിയൻ പരിശീലകൻ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ തുടരുന്നു.

അതേസമയം ആൻസലോട്ടിയെ പരിശീലകനായി എത്തിക്കാമെന്ന കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് ആത്മവിശ്വാസം ഉണ്ടെന്നാണ് ജേർണലിസ്റ്റായ റോഡ്രിഗോ ഒലിവേര പറയുന്നത്. താരങ്ങളും ആളുകളും ആൻസലോട്ടിക്ക് അനുകൂലമായാണ് നിൽക്കുന്നതെന്നും ബ്രസീലിലെ പരിശീലകരുടെ കാര്യത്തിൽ സംശയം ഉള്ളതിനാലാണ് ആൻസലോട്ടിയുടെ പേര് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ആൻസലോട്ടി ഒരു ദേശീയ ടീമിനെ ഇതുവരെ പരിശീലിപ്പിച്ചിട്ടില്ല. ബ്രസീൽ അദ്ദേഹത്തിന് അനുയോജ്യമായ ഒരു ടീം തന്നെയാണ്. അതേസമയം റയൽ മാഡ്രിഡിൽ തന്നെ അടുത്ത സീസണിലും തുടരാനാണ് തന്റെ താല്പര്യമെന്നാണ് ഇറ്റാലിയൻ പരിശീലകൻ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ആവർത്തിച്ചു വ്യക്തമാക്കുന്നത്.

Content Highlights: Brazil Convinced Ancelotti Become New Coach