അർജന്റീനയിൽ നിന്നും പുതിയൊരു പരിശീലകൻ കൂടി ഉദയം കൊള്ളുന്നു, 2014 ലോകകപ്പ് ഫൈനൽ കളിച്ച താരത്തിന് കീഴിൽ ടീം ഉജ്ജ്വല ഫോമിൽ | Martin Demichelis

മികച്ച പരിശീലകർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്നു കിരീടങ്ങൾ ദേശീയ ടീമിന് നേടിക്കൊടുത്ത സ്‌കലോണി, അത്ലറ്റികോ മാഡ്രിഡിനെ കരുത്തുറ്റ ടീമാക്കിയ സിമിയോണി, ടോട്ടനം ഹോസ്പറിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച പോച്ചട്ടിനോ, ഏവരും ബഹുമാനത്തോടെ കാണുന്ന മാഴ്‌സലോ ബിയൽസ എന്നിവരെല്ലാം അതിലുൾപ്പെടുന്നു.

ഇപ്പോൾ അർജന്റീനയിൽ നിന്നും മറ്റൊരു മികച്ച പരിശീലകൻ കൂടി ഉദയം കൊള്ളുന്നുവെന്നാണ് അവിടുത്തെ ക്ലബായ റിവർപ്ലേറ്റിന്റെ ഫോമിൽ നിന്നും തെളിയുന്നത്. ഈ സീസൺ മുതൽ റിവർപ്ലേറ്റിന്റെ പരിശീലകനായി തുടക്കം കുറിച്ച മുൻ അർജന്റീന പ്രതിരോധതാരം താരം മാർട്ടിൻ ഡെമിഷെലിസാണ് അർജന്റീന ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

അർജന്റീന ഫൈനൽ കളിച്ച 2014 ലോകകപ്പിൽ ടീമിലെ പ്രധാന താരമായിരുന്നു ഡെമിഷെലിസ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇറങ്ങിയില്ലെങ്കിലും നോക്ക്ഔട്ട് മുതൽ താരം സ്ഥിര സാന്നിധ്യമായി മാറി. എങ്കിലും അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാൻ താരത്തിന് കഴിഞ്ഞില്ല. ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ് എന്നിങ്ങനെ മൂന്നു ടൂർണമെന്റുകളിൽ താരം അർജന്റീനക്കൊപ്പം റണ്ണറപ്പായി.

ബയേൺ മ്യൂണിക്കിന്റെ സഹപരിശീലകനായും അതിനു ശേഷം അണ്ടർ 19, യൂത്ത് ടീമിന്റെ പ്രധാന പരിശീലകനായും ഇരുന്നിട്ടുള്ള ഡെമിഷെലിസ് ആദ്യമായി സ്ഥാനമേറ്റെടുക്കുന്ന ഒരു പ്രധാന ക്ലബാണ് റിവർപ്ലേറ്റ്. എന്തായാലും തന്റെ ആദ്യത്തെ ഉദ്യമം തന്നെ ഏറ്റവും മികച്ച രീതിയിൽ തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആരാധകരിൽ ആവേശമുണ്ടാക്കുന്നു.

ഡെമിഷെലിസിനു കീഴിൽ റിവർപ്ലേറ്റ് പതിനൊന്നു മത്സരം കളിച്ചപ്പോൾ രണ്ടു മത്സരത്തിൽ തോൽവി വഴങ്ങിയതൊഴിച്ചാൽ ബാക്കി എല്ലാ മത്സരവും വിജയിച്ചു. ഇരുപത്തിയൊന്ന് ഗോളുകൾ നേടുകയും അഞ്ചു ഗോളുകൾ വഴങ്ങുകയും ചെയ്ത ടീം ലീഗിൽ കൂടുതൽ ഗോളുകൾ നേടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്‌ത ടീമാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും അവർക്ക് തന്നെ.

ബയേൺ മ്യൂണിക്കിനൊപ്പം നാല് ലീഗടക്കം പതിനൊന്നു കിരീടങ്ങൾ സ്വന്തമാക്കിയ ഡെമിഷെലിസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗടക്കം മൂന്നു കിരീടങ്ങൾ നേടിയിട്ടുണ്ട്. റിവർപ്ലേറ്റിൽ കരിയർ ആരംഭിച്ച് അവിടേക്ക് തന്നെ പരിശീലകനായി തിരിച്ചു വന്ന അദ്ദേഹം ഭാവിയിൽ അർജന്റീന ദേശീയ ടീമിനും സംഭാവനകൾ നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: River Plate Is In Stunning Form Under Martin Demichelis