അത് അർജന്റീന സഹതാരത്തോടുള്ള സ്നേഹം കൊണ്ടു മാത്രമല്ല, ജയിക്കാനുള്ള തന്ത്രം കൂടിയാണ് | Lisandro Martinez

കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം സമനില വഴങ്ങിയതിനേക്കാൾ വാർത്തകളിൽ ഇടം പിടിച്ചത് മത്സരം തീരാൻ അഞ്ചു മിനുട്ടിലധികം അവശേഷിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റു നിലത്തു വീണപ്പോൾ സെവിയ്യയിലെ അർജന്റീന താരങ്ങൾ ചേർന്ന് താരത്തെ മൈതാനത്തിനു പുറത്തെത്തിച്ചതാണ്.

മത്സരത്തിന് ശേഷം വാർത്തകളിൽ നിറഞ്ഞു നിന്നത് അർജന്റീന താരങ്ങളുടെ അപാരമായ ഒത്തൊരുമയെ കുറിച്ചായിരുന്നു. തങ്ങൾക്കൊപ്പം ദേശീയ ടീമിൽ കളിക്കുന്ന താരത്തിന് പരിക്കേറ്റപ്പോൾ എതിർടീമാണെന്നു പോലും നോക്കാതെ അർജന്റീന താരങ്ങൾ സഹായിക്കാനായി ഓടിയെത്തിയെന്ന രീതിയിലാണ് എല്ലാ മാധ്യമങ്ങളും സംഭവത്തെ കാണിച്ചത്. എന്നാൽ അതിനു പിന്നിൽ വലിയൊരു തന്ത്രം കൂടി ഒളിഞ്ഞു കിടക്കുന്നുണ്ട്.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. അതിനു ശേഷം എൺപത്തിനാലാം മിനുട്ടിൽ മലാസിയയുടെ സെൽഫ് ഗോൾ പിറന്നു. ഇതിനു പിന്നാലെയാണ് ലിസാൻഡ്രോ മാർട്ടിനസിനു പരിക്കേറ്റത്. മത്സരം തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്ക് ലിസാൻഡ്രോ മാർട്ടിനസ് മൈതാനത്ത് കിടന്നാൽ തങ്ങൾക്ക് തിരിച്ചു വരാനുള്ള സമയം നഷ്‌ടപ്പെടുമെന്നതു കൂടി അർജന്റീന താരങ്ങൾ ചിന്തിച്ചിരിക്കും.

ലിസാൻഡ്രോ മാർട്ടിനസിനു പരിക്ക് പറ്റുന്നതിനു മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സാധ്യമായ അഞ്ചു പകരക്കാരെയും ഇറക്കിയിരുന്നു. ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് കാരണം പുറത്തു പോയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പത്തു പേരുമായി കളിക്കേണ്ടി വരുന്നത് തങ്ങളുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നും സെവിയ്യ താരങ്ങൾ കണക്കു കൂട്ടിയിട്ടുണ്ടാകും എന്നു തീർച്ചയാണ്.

എന്തായാലും സെവിയ്യ താരങ്ങൾ ആഗ്രഹിച്ചത് പോലെത്തന്നെ സംഭവിച്ചു. ലിസാൻഡ്രോ മാർട്ടിനസ് മത്സരത്തിൽ നിന്നും പുറത്തു പോയി, ശേഷിക്കുന്ന സമയം പത്ത് പേരുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടിയും വന്നു. അത് കൂടുതൽ ഊർജ്ജം നൽകിയ സെവിയ്യ ആർത്തിരമ്പി കളിച്ചപ്പോൾ ഇഞ്ചുറി ടൈമിൽ പിറന്ന അടുത്ത സെല്ഫ് ഗോളിലൂടെ സെവിയ്യ സമനില നേടി. അടുത്ത പാദം സ്വന്തം മൈതാനത്തു വെച്ചായത് സെവിയ്യക്ക് സാധ്യതയും നൽകുന്നു.

Content Highlights: Sevilla Players Carried Lisandro Martinez Is A Tactic To Win The Match