ഗോളടിച്ച് മുന്നിലെത്തിച്ചിട്ടും കണ്ണുനീർ പൊഴിക്കേണ്ടി വന്ന് ഡിബാല, യൂറോപ്പയിലെ രാജാക്കന്മാരെന്ന് വീണ്ടും തെളിയിച്ച് സെവിയ്യ | Europa League

കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിൽ മുന്നിലെത്തിയിട്ടും പരാജയം വഴങ്ങേണ്ടി വന്ന് ഇറ്റാലിയൻ ക്ലബായ റോമ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു പോയ ആവേശകരമായ മത്സരത്തിൽ സ്‌പാനിഷ്‌ ക്ലബായ സെവിയ്യയാണ് റോമയെ കീഴടക്കിയത്. ഇതോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയുമെന്ന റോമയുടെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി.

മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡിബാല റോമയെ മുന്നിലെത്തിച്ചു. കുറച്ചു ദിവസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന താരം ഒരിക്കൽക്കൂടി റോമയുടെ രക്ഷകനായി അവതരിക്കുമെന്ന് ഏവരും കരുതി. പിന്നീട് റോമ പൂർണമായും പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ അവർക്ക് ഗോൾ വഴങ്ങേണ്ടി വന്നു.

ജീസസ് നവാസിന്റെ ക്രോസ് ജിയാൻലൂക്ക മാൻസിനിയുടെ ദേഹത്തു തട്ടി വലക്കകത്തേക്ക് കയറിയതോടെയാണ് സെവിയ്യ മത്സരത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് വിജയഗോളിനായി രണ്ടു ടീമുകളും ശ്രമം നടത്തിയെങ്കിലും മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ മാൻസിനിയും ബ്രസീലിയൻ താരമായ റോജർ ഇബാനസും പെനാൽറ്റി കിക്കുകൾ തുലച്ചു കളഞ്ഞതോടെ റോമ തോൽവി വഴങ്ങുകയായിരുന്നു.

ഈ സീസണിൽ ലീഗിൽ പതിനൊന്നാം സ്ഥാനത്തു നിൽക്കെയാണ് സെവിയ്യ യൂറോപ്പ ലീഗ് കിരീടം നേടിയത്. 2006നു ശേഷം അവർ ഏഴാമത്തെ തവണയാണ് യൂറോപ്പ ലീഗ് സ്വന്തമാക്കുന്നത്. ഇതോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലും അവർക്ക് കളിക്കാനാവും. അതേസമയം ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുന്ന റോമയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി.

Sevilla Beat Roma In UEFA Europa League Final