യൂറോപ്പ ലീഗ് മത്സരത്തിനിടെ പോരടിച്ച് അർജന്റീന-ബ്രസീൽ താരങ്ങൾ, അവസാനം കൈകൊടുത്തു പിരിഞ്ഞു | Antony Acuna

സംഭവബഹുലമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും തമ്മിൽ നടന്നത്. ആദ്യപാദത്തിൽ രണ്ടു ഗോളുകളുടെ ലീഡ് സെൽഫ് ഗോളുകൾ വഴങ്ങി കളഞ്ഞു കുളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അതെ പിഴവ് രണ്ടാംപാദത്തിൽ രണ്ടു തവണ ആവർത്തിച്ചപ്പോൾ എതിരിലല്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയാണ് അവർക്ക് വഴങ്ങേണ്ടി വന്നത്.

അതേസമയം മത്സരത്തിലുണ്ടായ രസകരമായ ഒരു പോരാട്ടമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദേശീയ ഫുട്ബോളിലെ ചിരവൈരികളായ അർജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങളായ മാർക്കോസ് അക്യൂനയും ആന്റണിയും തമ്മിലാണ് മത്സരത്തിനിടയിൽ പരസ്‌പരം കൊമ്പു കോർത്തിരുന്നത്. മത്സരത്തിന്റെ മുഴുവൻ സമയവും ആന്റണിയെ ഇടംവലം തിരിയാതെ പൂട്ടാൻ അക്യൂനക്ക് കഴിഞ്ഞിരുന്നു.

ആന്റണിയും അക്യൂനയും തമ്മിലുണ്ടായ ഒരു ഡുവൽസിനിടെയാണ് ആദ്യം കുഴപ്പങ്ങളുണ്ടായത്. ആന്റണിയുടെ കാലിലുണ്ടായിരുന്ന പന്ത് കൃത്യമായി പ്രതിരോധിച്ച് അക്യൂന സ്വന്തമാക്കി മുന്നേറാൻ ശ്രമിക്കുമ്പോൾ ബ്രസീലിയൻ താരം അകാരണമായി ഫൗൾ ചെയ്യുകയായിരുന്നു. ഇതിൽ രോഷാകുലനായ അർജന്റീന ഫുൾ ബാക്ക് ആന്റണിയുമായി കൊമ്പുകോർക്കാൻ ചെന്നപ്പോൾ റഫറി ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.

പിന്നീട് മത്സരത്തിലുടനീളം ഈ രണ്ടു താരങ്ങളും തമ്മിലുള്ള പോരാട്ടം ഇടയ്ക്കിടെ നടന്നു. എതിരാളിയുടെ മേലെ നേടുന്ന ഓരോ വിജയവും അവർ മുഖത്ത് നോക്കി ആഘോഷിക്കുകയും ചെയ്‌തു. എന്നാൽ മത്സരത്തിന് ശേഷം വളരെ പ്രൊഫെഷണൽ മനോഭാവമാണ് രണ്ടു പേരും പുറത്തെടുത്തത്. കളിക്കളത്തിലെ പ്രശ്‌നങ്ങൾ അവിടെ തന്നെ തീരുമെന്ന് വ്യക്തമാക്കി രണ്ടു പേരും കൈകൊടുത്താണ് പിരിഞ്ഞത്. പക്ഷെ ആരാധകർക്ക് ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശകരമായ ഒന്നായിരുന്നു.

ആദ്യപാദത്തിൽ രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞ ടീം രണ്ടാം പാദത്തിൽ മൂന്നു ഗോളുകളാണ് വഴങ്ങിയത്. പ്രധാന താരങ്ങളായ വരാനെ, മാർട്ടിനസ്, മാർക്കസ് റാഷ്‌ഫോഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം മത്സരത്തിൽ ഇല്ലാതിരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായപ്പോൾ ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് ആവേശം നൽകുന്നതായിരുന്നു ഈ വിജയം.

Antony Acuna Battle In Europa League Quarter Final