മിന്നുന്ന പ്രകടനവും 89ആം മിനുറ്റിലെ അസാധ്യ ഗോളും, റോമയുടെ രക്ഷകനായി ഡിബാല | Paulo Dybala

യുവേഫ യൂറോപ്പ ലീഗിൽ തോൽവിയും പുറത്താകലും തുറിച്ചു നോക്കിയിരുന്ന റോമയെ രക്ഷിച്ചത് അർജന്റീന താരമായ പൗളോ ഡിബാലയുടെ കിടിലൻ ഗോൾ. ഫെയനൂർദിന്റെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ റോമ സ്വന്തം മൈതാനത്തു നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയാണ് തുടർച്ചയായ രണ്ടാമത്തെ വർഷവും യൂറോപ്യൻ കിരീടമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.

സ്വന്തം മൈതാനത്ത് രണ്ടു ഗോളിന്റെ വിജയമെന്ന ലക്ഷ്യവുമായിറങ്ങിയ റോമ ആദ്യപകുതിയിൽ ഗോളൊന്നും നേടിയില്ലെങ്കിലും സ്പിനോസോള രണ്ടാം പകുതിയിൽ അവർക്കായി ഗോൾ കുറിച്ചു. അതിനു ശേഷം വിജയഗോളിനായി ശ്രമിക്കുന്നതിനിടെ എൺപതാം മിനുട്ടിൽ ഫെയനൂർദ് ഒപ്പമെത്തി. ഇതോടെ യൂറോപ്പ് ലീഗിൽ നിന്നുള്ള പുറത്താകലിനെ തുറിച്ചു നോക്കേണ്ട അവസ്ഥയിലായിരുന്നു മൗറീന്യോ പരിശീലകനായ ഇറ്റാലിയൻ ക്ലബ്.

എന്നാൽ എഴുപത്തിമൂന്നാം മിനുട്ടിൽ പകരക്കാരനായി കളത്തിലിറങ്ങിയ പൗളോ ഡിബാല എൺപത്തിയൊമ്പതാം മിനുട്ടിൽ ടീമിന്റെ രക്ഷകനായി. പെല്ലെഗ്രിനിയിൽ നിന്നും പന്ത് സ്വീകരിച്ച താരം തന്നെ തടുക്കാനെത്തിയ ഫെയനൂർദ് ഡിഫെൻഡറെ മനോഹരമായൊരു സ്‌കില്ലിലൂടെ മറികടന്നതിനു ശേഷം ടൈറ്റായ ആംഗിളിൽ നിന്നും വല കുലുക്കുകയായിരുന്നു. അതോടെ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയും മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയും ചെയ്‌തു.

എക്‌സ്ട്രാ ടൈമിൽ റോമ ഗംഭീരമായ പ്രകടനം നടത്തി തങ്ങളുടെ വിജയമുറപ്പിച്ചു. 101ആം മിനുട്ടിൽ ടാമി അബ്രഹാമിന്റെ അസിസ്റ്റിൽ എൽ ഷാറവി റോമക്കായി മൂന്നാമത്തെ ഗോൾ നേടി. അതിനു ശേഷം 109ആം മിനുട്ടിൽ പെല്ലെഗ്രിനി മറ്റൊരു ഗോൾ കൂടി നേടിയതോടെ റോമ വിജയമുറപ്പിച്ചു. സെമിയിലേക്ക് മുന്നേറിയ ഇറ്റാലിയൻ ക്ലബിനു ജർമൻ ക്ലബായ ലെവർകൂസൻ ആണ് എതിരാളികൾ. ബെൽജിയൻ ക്ലബ് റോയൽ യൂണിയനെ തോൽപിച്ചാണ് അവർ സെമിയിലെത്തിയത്.

മത്സരത്തിൽ പകരക്കാരനായി എഴുപത്തിമൂന്നാം മിനുട്ടിൽ ഇറങ്ങിയ ഡിബാല ടീമിന് വളരെയധികം ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് നടത്തിയത്. 47 മിനുട്ട് മാത്രം കളിച്ച താരം ആറു ഷോട്ടുകൾ ഉതിർത്തപ്പോൾ മൂന്നെണ്ണവും ഓൺ ടാർഗെറ്റിൽ ആയിരുന്നു. ടീമിനെ തോൽ‌വിയിൽ നിന്നും രക്ഷപ്പെടുത്തിയ ഗോൾ നേടിയ താരം മൂന്നു കീ പാസുകൾ നൽകുകയും അതിനു പുറമെ ഒരു സുവർണാവസരം മത്സരത്തിൽ സൃഷ്‌ടിക്കുകയും ചെയ്‌തു.

Paulo Dybala Great Performance Against Feyenoord