മണ്ടത്തരങ്ങളുടെ ഘോഷയാത്ര, മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്നും പുറത്ത് | Manchester United

ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ റയൽ മാഡ്രിഡാണെങ്കിൽ യൂറോപ്പ ലീഗിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആധിപത്യം കാണിക്കുന്ന ടീമാണ് സെവിയ്യ. ഈ സീസണിൽ ലീഗിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും യൂറോപ്പ ലീഗിൽ അവർ സെമി ഫൈനലിൽ കടന്നിട്ടുണ്ട്. എറിക് ടെൻ ഹാഗിനു കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കാൻ അവരെ സഹായിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ അബദ്ധങ്ങളും.

ആദ്യപാദ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന സെവിയ്യ അവസാന മിനിറ്റുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ സെൽഫ് ഗോളിലാണ് സമനില നേടിയത്. അതിനു ശേഷം സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയപ്പോഴും അവർക്ക് തുണയായത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തന്നെയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സെവിയ്യ വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് ആദ്യത്തെ അബദ്ധം പിറക്കുന്നത്. മൂന്നു സെവിയ്യ താരങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്ന ഹാരി മഗ്വയറിന് പാസ് നൽകാനുള്ള ഡേവിഡ് ഡി ഗിയയുടെ തീരുമാനം പിഴച്ചു. പന്ത് ലഭിച്ചപ്പോഴേക്കും സെവിയ്യ താരങ്ങൾ ചുറ്റിനും കൂടിയതിനാൽ അത് പാസ് നൽകാൻ മാഗ്വയർക്ക് കഴിഞ്ഞില്ല. മഗ്വയരുടെ പാസ് സെവിയ്യ താരത്തിന്റെ ദേഹത്ത് തട്ടി വീണപ്പോൾ യൂസെഫ് എൻ നെസിറി അത് ഗോളാക്കി മാറ്റുകയായിരുന്നു.

പന്തടക്കത്തിന്റെ കാര്യത്തിൽ താൻ വളരെ മോശമാണെന്ന് ഡി ഗിയ വീണ്ടും മത്സരത്തിൽ തെളിയിച്ചു. മത്സരത്തിന്റെ എൺപതാം മിനുട്ടിൽ ഉയർന്നു വന്ന ഒരു പന്ത് കാലിൽ ഒതുക്കി നിർത്തുന്നതിൽ താരം പരാജയപ്പെട്ടത് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. ഡി ഗിയയിൽ നിന്നും പന്ത് തെറിച്ചു പോയപ്പോൾ അതെടുത്തു പോയി യൂസഫ് എൽ നെസിരി ടീമിന്റെ മൂന്നാം ഗോളും നേടി. അതിനു മുന്നേ ലോയ്ക്ക് ബാഡ് സെവിയ്യക്കായി ഒരു ഗോൾ കൂടി നേടിയിരുന്നു.

മത്സരത്തിൽ വിജയം നേടിയ സെവിയ്യക്ക് സെമിയിൽ യുവന്റസാണ് എതിരാളികൾ. അതേസമയം കിരീടം നേടുമെന്ന് പ്രതീക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്നും പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. സ്വന്തം താരങ്ങൾ തന്നെ ടീമിന് കുഴി തോണ്ടിയെന്നു വേണം അതിനെ വിശേഷിപ്പിക്കാൻ. എന്തായാലും ഈ സീസണു ശേഷം ഡി ഗിയ ടീമിനൊപ്പം ഉണ്ടാകില്ലെന്ന കാര്യം ഇതോടെ ഉറപ്പിക്കാവുന്നതാണ്.

Sevilla Eliminated Manchester United From Europa League