“റൊണാൾഡോയെ അറസ്റ്റ് ചെയ്‌ത്‌ നാടു കടത്തണം”- രൂക്ഷമായി പ്രതികരിച്ച് സൗദി അഭിഭാഷകൻ | Cristiano Ronaldo

സൗദി അറേബ്യയിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ ആ രാജ്യത്തെ മുഴുവൻ ഫുട്ബോൾ ആരാധകരും ആവേശത്തോടെ വരവേറ്റ ഒന്നായിരുന്നു. അത്രയൊന്നും അറിയപ്പെടാത്ത സൗദി ലീഗിനെ ആ ഒരൊറ്റ ട്രാൻസ്‌ഫർ ആഗോള തലത്തിൽ തന്നെ പ്രശസ്‌തമാക്കി എന്നതാണ് അതിനു കാരണം. ലിവിങ് റ്റുഗെതെർ ബന്ധങ്ങൾ നിയമവിധേയമല്ലാഞ്ഞിട്ടു പോലും റൊണാൾഡോക്കും പങ്കാളിക്കും വേണ്ടി അക്കാര്യത്തിൽ കണ്ണടക്കാനും സൗദിയിലെ അധികൃതർ തയ്യാറായി.

എന്നാൽ സൗദിയിലെ റൊണാൾഡോയുടെ ഹണിമൂൺ കാലഘട്ടം കഴിഞ്ഞുവെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗദിയിലെ കിരീടം വെക്കാത്ത രാജാവിനെപ്പോലെ താരത്തെ കൊണ്ടു നടന്നിരുന്ന സൗദിയിലെ ഫുട്ബോൾ ആരാധകരും ജനങ്ങളും ഇപ്പോൾ താരത്തിനെതിരെ തിരിഞ്ഞു തുടങ്ങി. അൽ ഹിലാൽ ആരാധകർ കഴിഞ്ഞ മത്സരത്തിൽ മെസി ചാന്റുകൾ പാടിയപ്പോൾ അതിനു നേരെ അശ്ലീലകരമായാ ആംഗ്യം കാണിച്ചതാണ് കാരണം.

റൊണാൾഡൊക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്‌ത്‌ നാട് കടത്തണമെന്ന അഭിപ്രായവുമായി സൗദിയിലെ അഭിഭാഷകനായ നൗഫ് ബിൻ അഹ്മദ് രംഗത്തു വന്നിട്ടുണ്ട്. പൊതുജനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതെന്നും ഒരു വിദേശിയാണ് അത് ചെയ്‌തത്‌ എന്നതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത്‌ നാടു കടത്തണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് സൗദി പ്രോസിക്യൂട്ടർ ഓഫീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നൗഫ് ബിൻ അഹമ്മദ് മാത്രമല്ല, സൗദിയിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധമാണ് റൊണാൾഡോക്ക് നേരെ ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ സംസ്‌കാരത്തിനു നിരക്കാത്ത കാര്യമാണ് റൊണാൾഡോ ചെയ്‌തതെന്നും താരത്തിനെതിരെ നടപടി എടുക്കണമെന്നുമാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

അതേസമയം സംഭവത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംരക്ഷിക്കുന്ന സമീപനമാണ് താരത്തിന്റെ ക്ലബായ അൽ നസ്ർ എടുത്തിരിക്കുന്നത്. റൊണാൾഡോ അശ്ളീല ആംഗ്യം ആരാധകർക്ക് നേരെ കാണിച്ചിട്ടില്ലെന്നും മത്സരത്തിനിടെ പരിക്കേറ്റതിന്റെ അസ്വസ്ഥത കാരണമുണ്ടായ സംഭവം വിവാദമായി മാറുകയാണ് ഉണ്ടായതെന്നുമാണ് അൽ നസ്റിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നത്.

Content Highlights: Saudi Lawyer Calls For Arrest And Deportion Of Cristiano Ronaldo