ബ്രസീലിനോട് തോറ്റവർ അർജന്റീനയെ പുറത്താക്കി, കൂറ്റൻ ജയവുമായി ബ്രസീൽ ലോകകപ്പിൽ മുന്നോട്ട് | U20 World Cup

അണ്ടർ 20 ലോകകപ്പിന്റെ നോക്ക്ഔട്ട് റൗണ്ടിൽ നൈജീരിയയോട് തോറ്റു അർജന്റീന പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും വിജയിച്ച് നോക്ക്ഔട്ടിൽ എത്തിയ അർജന്റീന നോക്ക്ഔട്ട് ഘട്ടത്തിൽ നൈജീരിയയോട് തോറ്റാണ് പുറത്തു പോയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്വന്തം നാട്ടിൽ അർജന്റീന തോൽവി വഴങ്ങി ലോകകപ്പിൽ നിന്നും പുറത്തായത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് നൈജീരിയ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിൽ അർജന്റീനയാണ് മുന്നേറ്റങ്ങൾ കൂടുതൽ സംഘടിപ്പിച്ചതെങ്കിലും ഇബ്രാഹിം ബെജി മുഹമ്മദ് അറുപത്തിയൊന്നാം മിനുട്ടിലും രിൽവാനു സർകി ഇഞ്ചുറി ടൈമിലും നേടിയ ഗോളിൽ നൈജീരിയ വിജയം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനോട് തോറ്റ ടീമാണ് നൈജീരിയ.

അർജന്റീന സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ പുറത്തായപ്പോൾ കൂറ്റൻ വിജയവുമായി ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ട്യുണീഷ്യക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്. ചെൽസി താരം ആൻഡ്രെയ് സാന്റോസ് ഇരട്ടഗോളുകൾ നേടി ബ്രസീലിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

ആൻഡ്രെസ് സാന്റോസിനു പുറമെ മാർക്കോസ് ലിയനാർഡോ, മത്തേയൂസ് മാർട്ടിൻസ് എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതി മുഴുവൻ പത്തു പേരായി കളിക്കേണ്ടി വന്നിട്ടും മികച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞത് ബ്രസീലിനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു. കിരീടം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അവർ മുന്നോട്ടു പോകുന്നത്.

Argentina Eliminated From U20 World Cup