“ഇത് ക്ലബിന്റെ മാത്രം തീരുമാനമാണ്, എന്റേതല്ല”- കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു പിന്നാലെ പ്രതികരിച്ച് വിക്റ്റർ മോങ്കിൽ | Victor Mongil

ഇന്നാണ് പ്രതിരോധതാരമായ വിക്റ്റർ മോങ്കിൽ അടക്കം അഞ്ചു കളിക്കാർ ക്ലബ് വിടുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചത്. മോങ്കിലിനു പുറമെ ഇവാൻ കലിയുഷ്‌നി, അപ്പോസ്ഥലോസ് ജിയാനു, ഹർമൻജോത് ഖബ്‌റ, മുഹീത് ഖാൻ എന്നീ താരങ്ങളാണ് ക്ലബിൽ നിന്നും പുറത്തു പോകുന്നത്. ഈ താരങ്ങളുടെ കരാർ അവസാനിച്ചതിനെ തുടർന്നാണ് ക്ലബ് വിടുന്നതെങ്കിലും അത് തന്റെ തീരുമാനമല്ലെന്ന് മോങ്കിൽ പ്രതികരിച്ചു.

“ഞാൻ ഒരിക്കലും വരാനാഗ്രഹിച്ച ദിവസമല്ല ഇന്നത്തേത്. ഈ മനോഹരമായ നഗരത്തോട് ഗുഡ് ബൈ പറയാനുള്ള സമയമായിരിക്കുന്നു, അതിലുപരിയായി ഇവിടെയുള്ള മികച്ച ആരാധകരോട്. അടുത്ത സീസണിലേക്കുള്ള ടീമിന്റെ ഭാഗമായി ഞാനുണ്ടാകില്ലെന്ന് ബോർഡ് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതു [പോലെ ഇതെന്റെ തീരുമാനമല്ലെന്ന് വിഷമത്തോടെ അറിയിച്ചു കൊള്ളുന്നു.”

“വളരെ മനോഹരമായ മൂന്നു വർഷങ്ങൾ ഞാൻ ഇന്ത്യയിൽ ചിലവിട്ടു കഴിഞ്ഞു. എന്നെ സ്വന്തം രാജ്യക്കാരാണെന്നതു പോലെയാണ് ആദ്യത്തെ ദിവസം മുതൽ ഇന്നുവരെ നിങ്ങൾ പരിഗണിച്ചത്. കേരളത്തിൽ തുടരുകയാണ് എന്റെ ആഗ്രഹമെന്നതിൽ സംശയമില്ല. ഞാനീ വാക്കുകൾ എഴുതുന്നതിനു ഒരു കാരണമേയുള്ളൂ. നിങ്ങളോട് നന്ദി പറയുന്നതിനു വേണ്ടിയാണത്.”

“ഈ വലിയ കുടുംബത്തിന്റെ ചെറിയൊരു അംഗമാകാൻ എന്നെ അനുവദിച്ചതിനു നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞാനൊരിക്കലും മറക്കുകയില്ല. ഒരിക്കൽ ഈ ക്ലബ്ബിനെ പിന്തുണച്ചവർ എന്നും അങ്ങിനെയാണ്. ജീവിതത്തിന്റെ അവസാനം വരെ ഞാനൊരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും.” താരം ട്വിറ്ററിൽ കുറിച്ചു.

2020ലാണ് മോങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്. എടികെ മോഹൻ ബഗാനിലേക്കാണ് താരം ചേക്കേറിയത്. അതിനു ശേഷം ഒഡിഷ എഫ്‌സിക്ക് വേണ്ടിയും കളിച്ചതിനു ശേഷം കഴിഞ്ഞ വർഷമാണ് താരം ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പത്തൊൻപതു മത്സരങ്ങളിൽ പ്രതിരോധതാരമായ മോങ്കിൽ കളിച്ചിട്ടുണ്ട്.

Victor Mongil Message To Kerala Blasters Fans