കേരള ബ്ലാസ്റ്റേഴ്‌സിൽ ഒഴിവാക്കൽ വിപ്ലവം, മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചു പേർ ടീം വിട്ടു | Kerala Blasters

ഇക്കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വലിയ രീതിയിലുള്ള ആരാധകരോഷം ഏറ്റുവാങ്ങുന്നുണ്ട്. അടുത്ത സീസണിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനിയും വർധിക്കുമെന്നതിനാൽ ടീമിൽ അഴിച്ചുപണികൾ നടക്കുകയാണ്. അടുത്ത സീസണിലേക്കായി മികച്ചൊരു ടീമിനെ ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്‌ഷ്യം.

എന്തായാലും ടീമിനെ അഴിച്ചുപണിയുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും വലിയൊരു പ്രഖ്യാപനമാണ് ഇന്ന് ക്ലബ് നടത്തിയിരിക്കുന്നത്. മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചു പേർ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വിക്റ്റർ മോങ്കിൽ, അപോസ്തലോസ് ജിയാനു, ഇവാൻ കലിയുഷ്‌നി എന്നീ വിദേശതാരങ്ങൾക്കൊപ്പം ഖബ്‌റ, ഗോൾകീപ്പർ മുഹീത് ഖാൻ എന്നിവരും ക്ലബ് വിട്ടിട്ടുണ്ട്.

ഈ താരങ്ങളെല്ലാം കരാർ അവസാനിച്ചതിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇവാൻ കലിയുഷ്‌നി സീസൺ ആരംഭിച്ച സമയത്ത് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാൽ പിന്നീട് അതെ മികവ് പുലർത്താൻ കഴിയാതിരുന്ന താരത്തെ നിലനിർത്താൻ വലിയ തുക നൽകേണ്ടി വരുമെന്നതാണ് പുതിയ കരാർ നൽകാതിരിക്കാൻ കാരണം. മറ്റു താരങ്ങളെല്ലാം ഈ സീസണിൽ ശരാശരി മികവ് മാത്രമാണ് കാണിച്ചിട്ടുള്ളത്.

ഇന്നലെ ടീമിന്റെ നായകനായിരുന്ന ജെസ്സൽ കാർനെയ്‌റോ ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മറ്റുള്ള അഞ്ചു താരങ്ങൾ കൂടി ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ക്ലബിൽ വലിയൊരു അഴിച്ചുപണി തന്നെയാണ് നടക്കുന്നത്. ഇവർക്ക് പകരക്കാരായി മികച്ച താരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Kerala Blasters Announce Departure Of Five Players