ഫുട്ബോൾ ലോകം കാത്തിരിക്കുന്ന തീരുമാനം തിങ്കളാഴ്‌ച പുറത്തു വരും, ആകാംക്ഷയിൽ ആരാധകർ | Lionel Messi

ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ താരത്തിന്റെ കരിയറിന്റെ നിറം മങ്ങിപ്പിച്ച ഒന്നായിരുന്നു. ആദ്യത്തെ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ പോയ താരം ഈ സീസണിൽ മികവ് കാണിച്ചെങ്കിലും ആരാധകർ എതിരായിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോല്പിച്ച് കിരീടം നേടിയതാണ് അതിനു കാരണമായത്. എന്തായാലും അതോടെ പിഎസ്‌ജി വിടാനുള്ള തീരുമാനം ലയണൽ മെസി ഉറപ്പിച്ചു.

ബാഴ്‌സലോണയാണ് ലയണൽ മെസിയെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളതെങ്കിലും ലാ ലീഗയുടെ അനുമതിയില്ലാതെ അത് നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. അതിനുള്ള നീക്കങ്ങൾ ബാഴ്‌സ നടത്തിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മെസി മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ അനുകൂലമായൊരു വാർത്തയും ഇപ്പോൾ വന്നിട്ടുണ്ട്.

ജെറാർഡ് റോമെറോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലാ ലിഗ ജോർജ് മെസിയെ വിളിച്ച് തിങ്കളാഴ്‌ച തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ലയണൽ മെസി ട്രാൻസ്‌ഫറിനു അവർ അനുകൂല തീരുമാനം എടുക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ലയണൽ മെസിക്ക് ബാഴ്‌സയിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് താരത്തിന്റെ പിതാവ് ലാ ലിഗയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലയണൽ മെസിയുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ സജീവമായി നിലനിൽക്കുന്നുവെന്നും എൺപതു ശതമാനം ഉറപ്പ് അക്കാര്യത്തിലുണ്ടെന്നും റോമെറോ വ്യക്തമാക്കുന്നു. എന്തായാലും ആരാധകരെ സംബന്ധിച്ച് തിങ്കളാഴ്‌ച വരെ ക്ഷമയോടെ കാത്തിരുന്നേ മതിയാവുകയുള്ളൂ. ബാഴ്‌സലോണ, മെസി ആരാധകരെ സംബന്ധിച്ച് മെസിയുടെ തിരിച്ചുവരവ് അവർ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ്.

La Liga Called Lionel Messi Father To Discuss About Transfer