ആൻസലോട്ടി മോഹം നടക്കില്ല, പുതിയ പരിശീലകനെ കണ്ടെത്തി ബ്രസീൽ | Brazil

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ ഇരുപതു വർഷമായി ഒരു ലോകകപ്പിന്റെ ഫൈനൽ പോലും കളിച്ചിട്ടില്ലെന്ന നാണക്കേടിന് മാറ്റമുണ്ടാക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിപ്പിച്ചത്. അതോടെ കാനറിപ്പടയുടെ പരിശീലകനായിരുന്ന ടിറ്റെ സ്ഥാനമൊഴിഞ്ഞു പോവുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം പുതിയൊരു പരിശീലകനെ തേടുകയാണ് ബ്രസീൽ. സൗത്ത് അമേരിക്കയിലെ പ്രധാന എതിരാളികളായ അർജന്റീനയുടെ കിരീടനേട്ടവും രണ്ടു പതിറ്റാണ്ടായുള്ള ലോകകപ്പിലെ മോശം ഫോമും കാരണം അടുത്ത ലോകകപ്പ് സ്വന്തം തട്ടകത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ബ്രസീൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനു വേണ്ടി യൂറോപ്പിലെ മികച്ച പരിശീലകനെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ബ്രസീലിനുള്ളത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കാർലോ ആൻസലോട്ടി ഈ സീസണ് ശേഷം ബ്രസീൽ ടീമിന്റെ പരിശീലകനായി എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉയർന്നിരുന്നു. നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ ആൻസലോട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത് ബ്രസീലിനു തന്നെ മാനേജരാക്കാൻ താല്പര്യമുള്ളത് സന്തോഷം നൽകുന്ന വാർത്തയാണെന്നായിരുന്നു. ഇതോടെ കാർലോ ആൻസലോട്ടി ബ്രസീലിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഒന്നുകൂടി ശക്തമായി.

എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം നടത്തിയ പ്രതികരണം ബ്രസീലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പൂർണമായും നിഷേധിക്കുന്ന ഒന്നായിരുന്നു. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിനു താൻ ഒരു വർഷം കൂടി ക്ലബിനൊപ്പം തുടരാനാണ് ആഗ്രഹമെന്ന് കരുതുന്നതായും തന്റെ കരാർ പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത സീസണ് ശേഷമാണ് ആൻസലോട്ടിയുടെ കരാർ അവസാനിക്കുന്നത്.

കാർലോ ആൻസലോട്ടിയുടെ പുതിയ പ്രതികരണം ബ്രസീലിലേക്ക് അദ്ദേഹം വരില്ലെന്ന സൂചനയായാണ് ഫെഡറേഷൻ കാണുന്നത്. ഗ്ലോബ് എസ്പോർട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം ആൻസലോട്ടി വന്നില്ലെങ്കിൽ പകരക്കാരനെയും അവർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഫെനർബാഷെ പരിശീലകനായ ജോർജ് ജീസസ് ഈ സീസണ് ശേഷം ക്ലബ് വിടുമ്പോൾ അദ്ദേഹത്തെ ടീമിലെത്തിക്കാമെന്നാണ് ബ്രസീൽ കരുതുന്നത്.

Content Highlights: Brazil Line Up Ancelotti Replacement