“റൊണാൾഡോയുടെ വാക്കുകൾ പ്രചോദനം”- 12 മാസത്തെ ഗോൾവരൾച്ച അവസാനിപ്പിച്ച ജോട്ട പറയുന്നു | Cristiano Ronaldo

ലീഡ്‌സ് യുണൈറ്റഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം ലിവർപൂൾ ആരാധകരെ സംബന്ധിച്ച് വലിയ ആവേശം നൽകിയ ഒന്നായിരുന്നു. ലീഡ്‌സിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്. ഇതോടെ ടോപ് ഫോർ പ്രതീക്ഷ കുറവാണെങ്കിലും യൂറോപ്പ ലീഗ് യോഗ്യതക്ക് വേണ്ടി പൊരുതാമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ.

ജോട്ട, സലാ എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ഗാക്പോ, ഡാർവിൻ നുനസ് എന്നിവരാണ് മത്സരത്തിൽ ലിവർപൂളിന്റെ മറ്റു ഗോളുകൾ നേടിയത്. ജോട്ട പന്ത്രണ്ടു മാസങ്ങൾക്ക് ശേഷം ലിവർപൂളിന് വേണ്ടി നേടുന്ന ആദ്യത്തെ ഗോളായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പോർച്ചുഗൽ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് പറഞ്ഞിട്ടുള്ള വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് ജോട്ട പറഞ്ഞു.

ജോട്ടക്ക് സമാനമായ രീതിയിൽ ദേശീയ ടീമിന് വേണ്ടി വലിയൊരു ഗോൾവരൾച്ച റൊണാൾഡോ അനുഭവിച്ചിരുന്നു. അതിനു ശേഷം ഗോൾനേടിയപ്പോൾ കെച്ചപ്പ് ബോട്ടിലിനെയാണ് റൊണാൾഡോ ഉദാഹരണമായി കാണിച്ചത്. കെച്ചപ്പ് ബോട്ടിലിൽ നിന്നും ആദ്യത്തെ തുള്ളി വരാൻ ബുദ്ധിമുട്ട് നേരിടുമെങ്കിലും അത് വന്നു കഴിഞ്ഞാൽ പിന്നെ ഒരുപാടെണ്ണം വളരെ വേഗത്തിൽ വരുമെന്നാണ് റൊണാൾഡോ പറഞ്ഞത്. ഇന്നലെ ജോട്ട സൂചിപ്പിച്ചതും അത് തന്നെയാണ്.

“റൊണാൾഡോ പറഞ്ഞ വാക്കുകളിൽ ഒന്നാണത്, അതൊരുപാട് കാലം എന്റെ മനസ്സിൽ അങ്ങിനെ തന്നെ കിടന്നിരുന്നു. ഫുട്ബോൾ എന്നത് നമുക്കൊരിക്കലും പ്രവചിക്കാൻ കഴിയാത്ത ഒന്നാണ്. ഇതുപോലെയുള്ള കാര്യങ്ങളാണ് ഫുട്ബോളിൽ ഞങ്ങൾ വളരെയധികം ഇഷ്‌ടപ്പെടുന്നത്. പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ മാറിമറിയാം.” ജോട്ട സ്കൈ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ദേശീയ ടീമിലുണ്ടായ ആ ഗോൾവരൾച്ച മറികടന്നതിനു ശേഷം പിന്നീട് റൊണാൾഡോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പോർച്ചുഗൽ ടീമിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം നിലവിൽ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ താരമാണ്. ജോട്ട തന്റെ ഗോൾവരൾച്ച അവസാനിപ്പിച്ച സാഹചര്യത്തിൽ താരത്തിനും സമാനമായ പ്രകടനം ഇനി പുറത്തെടുക്കാൻ കഴിയട്ടെയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Content Highlights: Jota Says Cristiano Ronaldo Words Helped Him To End Goal Draught